1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2018

സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ സമാധാന നോബേല്‍ പങ്കുവെച്ച് നാദിയാ മുറാദും ഡോ. ഡെന്നിസ് മുക്‌വെഗെയും; ലൈംഗിക പീഡനങ്ങള്‍ക്കും ആഭ്യന്തര യുദ്ധങ്ങള്‍ക്കും എതിരെ പടപൊരുതുന്ന സമാധാന പോരാളികള്‍ക്ക് ലോകത്തിന്റെ ആദരം. യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും ലൈംഗിക അതിക്രമം പൊതു ആയുധമായി ഉപയോഗിക്കുന്നതിനെതിരെയുള്ള ഇരുവരുടെയും പോരാട്ടമാണു പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ഐഎസ് ഭീകരതയില്‍നിന്നു രക്ഷപ്പെട്ട യസീദി വംശജയാണ് നദിയാ മുറാദ്. ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ഡോക്ടറാണ് ഡെന്നിസ് മുക്‌വെഗേ.

കോംഗോയില്‍ സ്ത്രീകളെയും കുട്ടികളെയും ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രക്ഷോഭം നയിക്കുന്നതില്‍ പുലര്‍ത്തിയ ശക്തമായ നിലപാടുകളെ മാനിച്ചാണ് ഡോ. ഡെന്നീസ് മുക്‌വെഗെ നൊബേല്‍ സമ്മാനത്തിന് അര്‍ഹനായത്. ഗൈനക്കോളജിസ്റ്റായ അദ്ദേഹം മാനഭംഗത്തിന് ഇരകളായ പതിനായിരക്കണക്കിനു സ്ത്രീകള്‍ക്കാണു ചികിത്സ നല്‍കിയത്. സംഘര്‍ഷങ്ങളില്‍ ലൈംഗികപീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കൊപ്പം നിലകൊളളുകയും അവയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയാകുകയും ചെയ്തു. ലൈംഗിക പീഡനത്തിന് ഇരയായ 30,000ല്‍ അധികം സ്ത്രീകളെയാണ് ഡെന്നിസ് മുക്‌വെഗേയും സംഘവും ചികില്‍സിച്ചത്.

ഇറാഖില്‍ നിന്നുള്ള ഇരുപത്തിമൂന്നുകാരിയായ നാദിയ മുറാദ് ബാസി താഹ യുദ്ധത്തില്‍ പീഡനങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീത്വത്തിന്റെ ജീവിക്കുന്ന പ്രതീകം കൂടിയാണ്. മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന, വംശഹത്യക്കിരയാകുന്ന, മാനഭംഗം ചെയ്യപ്പെടുന്ന, അടിമകളാക്കപ്പെടുന്ന ജനതയുടെ പ്രതീകം. യുദ്ധത്തിന്റെ അനന്തഫലമായെത്തുന്ന മനുഷ്യക്കടത്തിന്റെയും ലൈംഗിക വ്യാപാരത്തിന്റെയും പ്രതീകമായ നാദിയയെ 2016ല്‍ ഐക്യരാഷ്ട്ര സംഘടന ഗുഡ്‌വില്‍ അംബാസഡറാക്കിയിരുന്നു. ഇറാഖിലെ സിന്‍ജാറിനു സമീപം കൊച്ചൊ ഗ്രാമവാസിയും യസീദി വിഭാഗക്കാരിയുമാണ് നാദിയ.

യസീദി വിഭാഗക്കാര്‍ക്കെതിരെ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാദിയയുടെ പിതാവും ആറു സഹോദരന്മാരും ഉള്‍പ്പെടെ ഗ്രാമത്തിലെ ആണുങ്ങളെയെല്ലാം കൊന്നൊടുക്കി. സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടു പോയ ഭീകരര്‍ ആവര്‍ത്തിച്ച മാനഭംഗങ്ങള്‍ക്കാണ് അവരെ വിധേയയാക്കിയത്. സ്ത്രീകളില്‍ പ്രായമായവരെയും സൗന്ദര്യമില്ലെന്ന് വിലയിരുത്തിയവരെയും കൊച്ചുകുഞ്ഞുങ്ങളെയും കൊന്നു കുഴിച്ചുമൂടി. നാദിയ ഉള്‍പ്പെടെയുള്ള യുവതികളെ ഐഎസ് അധീനത്തിലുള്ള മൊസൂളിലേക്കാണു കൊണ്ടുപോയത്.

ഭീകരര്‍ ലൈംഗിക അടിമയാക്കി വച്ച നാദിയയെ പിന്നീട് ഒരു വില്‍പ്പനച്ചരക്കിനെയെന്നവണ്ണം മൊസൂളിലെ അടിമച്ചന്തയില്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്തു. ഉടമയ്ക്ക് എപ്പോള്‍ വേണമെങ്കിലും മാനഭംഗം ചെയ്യാനാകുന്ന ഇരയെന്ന നിര്‍വചനത്തില്‍പ്പെട്ട ലൈംഗിക അടിമയായി മുദ്രകുത്തപ്പെട്ട നാദിയ നീണ്ട മൂന്നുമാസത്തോളം യാതനകള്‍ സഹിച്ചു. ഒരിക്കല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതിനു കൂട്ടമാനഭംഗമായിരുന്നു ശിക്ഷ. ദുരിതപര്‍വത്തിനിടെ തടവിലാക്കപ്പെട്ട വീട്ടിലെ ജനാല വഴി ഒരു ദിവസം രക്ഷപ്പെട്ട നാദിയയ്ക്കു മറ്റൊരു മുസ്‌ലിം കുടുംബമാണു രക്ഷകരായത്.

ഐഎസിന്റെ കണ്ണുവെട്ടിച്ച് അവര്‍ നാദിയയെ സാഹസികമായി കുര്‍ദിസ്ഥാനിലെത്തിച്ചു. ഒടുവിലൊരു ദിവസം ഇറാഖ് അതിര്‍ത്തി കടന്നു ജര്‍മനിയിലേക്ക് അവള്‍ രക്ഷപ്പെടുകയായിരുന്നു. ഐഎസ് പിന്‍മാറിയശേഷം കൊച്ചൊ ഗ്രാമത്തിലെത്തിയ നാദിയയെ കാത്തിരുന്നത് ഹൃദയഭേദകമായ കാഴ്ചകളായിരുന്നു. ശവപ്പറമ്പെന്ന പോലെ മാറിയ ആ ഗ്രാമത്തില്‍ അവളുടെ നിലവിളി മാറ്റൊലി കൊണ്ടു. യുദ്ധത്തില്‍ ജീവിതം നശിച്ചുപോകുന്ന ഇരകള്‍ക്കായാണു നാദിയ പിന്നീട് ജീവിതം മാറ്റിവച്ചത്. ലൈംഗിക അടിമകളാക്കപ്പെട്ട പെണ്‍കുട്ടികളടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന നാദിയയുടെ ആത്മകഥ ‘ദ് ലാസ്റ്റ് ഗേള്‍’ നിരവധി പതിപ്പുകളാണു വിറ്റുപോയത്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.