1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2018

സ്വന്തം ലേഖകന്‍: രാജപദവി ലഭിക്കാത്തതിന്റെ പരിഭവം മാറാതെ ഡെന്മാര്‍മിലെ ഹെന്റിക് രാജകുമാരന്‍ ഓര്‍മയായി. രാജപദവി നിഷേധിക്കപ്പെട്ടതില്‍ പരിഭവിച്ചു കഴിഞ്ഞിരുന്ന ഡെന്മാര്‍ക്കിലെ ഹെന്റിക് രാജകുമാരന്‍ 83 മത്തെ വയസില്‍ കഴിഞ്ഞ ദിവസം അന്തരിച്ചു. ചൊവ്വാഴ്ച കോപ്പന്‍ഹേഗനു സമീപമുള്ള ഫ്രഡന്‍സ്ബര്‍ഗ് കാസിലിലാണ് ഹെന്റിക് അന്തരിച്ചത്. ശ്വാസകോശത്തില്‍ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്ത് സ്വന്തം ഇഷ്ടപ്രകാരം ഫ്രഡന്‍സ്ബര്‍ഗ് കൊട്ടാരത്തിലെത്തിക്കുകയായിരുന്നു.

മരണ സമയത്ത് മര്‍ഗരീത്ത രാജ്ഞിയും മക്കളായ ഫ്രഡറിക്ക്, ജൊവാക്കിം എന്നിവരും ഹെന്റിക്കിന്റെ ശയ്യയ്ക്കു സമീപമുണ്ടായിരുന്നു. വിന്റര്‍ ഒളിന്പിക്‌സിനു പോയ കിരീടാവകാശിയായ ഫ്രെഡറിക് രാജകുമാരന്‍ പിതാവിന്റെ രോഗവിവരം അറിഞ്ഞ് അടിയന്തരമായി മടങ്ങിയെത്തുകയായിരുന്നു. ഭാര്യയും ഡെന്മാര്‍ക്കിലെ രാഞ്ജിയുമായ മര്‍ഗരീത്തയുടെ കബറിടത്തിനു സമീപം തന്നെ അടക്കരുതെന്ന് അദ്ദേഹം കഴിഞ്ഞവര്‍ഷം തുറന്നടിക്കുകയുണ്ടായി. ഭര്‍ത്താവിന്റെ ആഗ്രഹത്തിന് എതിരു നില്‍ക്കില്ലെന്നു രാജ്ഞി വ്യക്തമാക്കി.

രാജകീയ ദന്പതികളെ ഒരു കബറിടത്തില്‍ അടക്കണമെന്ന 459 വര്‍ഷത്തെ ആചാരമാണു ഹെന്റിക് ലംഘിക്കുമെന്നു പ്രഖ്യാപിച്ചത്. ഫ്രഞ്ചുകാരനായ ഹെന്റിക് 1967ലാണ് അന്നു കിരീടാവകാശിനിയായിരുന്ന മര്‍ഗരീത്തയെ വിവാഹം ചെയ്തത്. 1972ല്‍ മര്‍ഗരീത്തയ്ക്കു രാജ്ഞിപദവി ലഭിച്ചെങ്കിലും ഹെന്റിക്കിന് പ്രിന്‍സ് കണ്‍സോര്‍ട്ട് എന്ന പദവിയാണു കിട്ടിയത്. തനിക്കു രാജപദവി വേണമെന്ന് അദ്ദേഹം ശഠിച്ചു. 2002ല്‍ പുതുവത്സരാഘോഷവേളയില്‍ രാജ്ഞിയുടെ പ്രതിനിധിയായി മകന്‍ ഫ്രെഡറിക് പങ്കെടുത്തത് ഹെന്റിക്കിനെ ക്ഷുഭിതനാക്കി.

ഇത്രനാളും രണ്ടാമനായിരുന്ന താന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. 2016ല്‍ ഔദ്യോഗിക ചുമതലകള്‍ ഒഴിഞ്ഞ അദ്ദേഹം പിന്നീട് ഫ്രാന്‍സിലുള്ള സ്വന്തം മുന്തിരിത്തോട്ടത്തിലും മറ്റുമായാണു സമയം ചെലവഴിച്ചത്. രാജകീയ ശവസംസ്‌ക്കാര ചടങ്ങുകള്‍ വേണ്ടെന്നു ഹെന്റിക് പറഞ്ഞതനുസരിച്ച് അദ്ദേഹത്തിന്റെ ശവസംസ്‌ക്കാരം സ്വകാര്യചടങ്ങായിരിക്കുമെന്നു കൊട്ടാരവൃത്തങ്ങള്‍ അറിയിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.