1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2019

സ്വന്തം ലേഖകൻ: രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്റിഗോയുടെ എയർബസ് എ320, 321 എന്നിവക്ക് ഡിജിസിഎയുടെ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) വിലക്ക്. ടൈറ്റാനിയം ഉപയോഗിച്ച് നിർമിച്ച ടർബൈനുകൾ കാരണമാണ് ഈ തീരുമാനം. യാത്രാമധ്യേ ആകാശത്ത് വച്ച് അപകടങ്ങൾ ഉണ്ടാക്കുന്നുവെന്നതാണ് കാരണം.

നിക്കൽ- ക്രോമിയം അലോയ് ഉപയോഗിച്ച് ടർബൈൻ ബ്ലേഡുകൾ പുന: സ്ഥാപിച്ചാൽ മാത്രമേ ഇനി ഈ വിമാനങ്ങൾ സർവ്വീസ് നടത്താനാവൂ. ഇന്റിഗോയുടെ 110 വിമാനങ്ങളെ ഈ തീരുമാനം തിരിച്ചടിക്കും. പ്രാറ്റ് ആന്റ് വിറ്റ്നീ കമ്പനി നിർമിച്ച ഇവയുടെ എഞ്ചിനുകൾ 2006 ൽ ഏറ്റെടുത്ത കാലം മുതൽ പ്രശ്നക്കാരാണെന്നത് മറ്റൊരു യാഥാർത്ഥ്യമാണ്.

ഇന്ത്യയിൽ അതിവേഗം വളരുന്ന വിമാനക്കമ്പനിയാണ് ഇന്ന് ഇന്റിഗോ. എന്നാൽ, കഴിഞ്ഞ ഒരു വർഷത്തിനിടെ 13 അപകടങ്ങളാണ് ഇത്തരത്തിൽ ഉണ്ടായത്. ഇതിൽ തന്നെ നാലെണ്ണം ഒക്ടോബറിൽ ഒരൊറ്റ ആഴ്ചയിൽ ഉണ്ടായതാണ്.

പുതിയ വിമാനങ്ങൾ എത്തുന്നത് വരെ പുതിയ റൂട്ടുകൾ തുറക്കാനും നിലവിലെ റൂട്ടുകളിൽ വിമാന സർവ്വീസുകളുടെ എണ്ണം കൂട്ടാനും കമ്പനിക്ക് സാധിക്കില്ല. പ്രാറ്റ് ആന്റ് വിറ്റ്നി കമ്പനിക്ക് എത്ര വേഗത്തിൽ എഞ്ചിനുകൾ മാറ്റിസ്ഥാപിക്കാൻ കഴിയുമെന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇനി കമ്പനിയുടെ പ്രവർത്തനം. ഒരു വർഷത്തേക്കെങ്കിലും കമ്പനിയുടെ വികസന പദ്ധതികൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിവരം.

ഇപ്പോൾ 98 എ320,321 വിമാനങ്ങളാണ് കമ്പനിക്ക് ഉള്ളത്. ഇതിൽ 52 എണ്ണത്തിനും മോഡിഫൈഡ് ബ്ലേഡാണെന്നും കമ്പനിയുടെ വക്താവ് പറഞ്ഞു. ഡിജിസിഎ തീരുമാനം സർവ്വീസിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് ഡിജിസിഎ തീരുമാനം ഉണ്ടായത്. 2020 ജനുവരി 31 വരെ കമ്പനിക്ക് എഞ്ചിനുകൾ മാറ്റാൻ ഡിജിസിഎ നേരത്തെ സമയം അനുവദിച്ചിരുന്നു. എന്നാൽ, ഇത് സാധ്യമല്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഈ വിമാനങ്ങൾ റദ്ദാക്കാൻ തീരുമാനിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.