1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2016

ജിജി വിക്ടര്‍: യു.കെ.യിലെ ചിത്രരചനാ അഭിരുചിയുള്ളവരെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമായി യുക്മ സാംസ്‌ക്കാരികവേദി സംഘടിപ്പിച്ച യു.കെ. ദേശീയതല ചിത്രരചനാ മത്സരം സംഘാടക മികവിലും ജനകീയ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. സ്വിന്‍ഡന്‍ സെന്റ് ജോസഫ്‌സ് കാത്തലിക് കോളേജിലെ ‘രാജാ രവിവര്‍മ്മ നഗര്‍’ എന്ന് നാമകരണം ചെയ്ത വേദിയിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

മത്സരങ്ങക്ക് മുന്നോടിയായി റിനി റോസിന്റെ പ്രാര്‍ഥനാ ഗാനത്തോടെ ആരംഭിച്ച ലളിതമായ ചടങ്ങില്‍ യുക്മ ദേശീയ പ്രസിഡന്റ് ശ്രീ.ഫ്രാന്‍സിസ് മാത്യു തിരിതെളിച്ചു മത്സരങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. യു.കെ.യിലെ സര്‍ഗാത്മകതയുള്ള കുട്ടികളേയും മുതിര്‍ന്നവരേയും പ്രോത്സാഹിപ്പിക്കുവാന്‍ യുക്മയും യുക്മ സാംസ്‌ക്കാരികവേദിയും എന്നും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ.സജീഷ് ടോം യോഗത്തിന് അധ്യക്ഷത വഹിച്ചു. സാംസ്‌ക്കാരികവേദി അംഗം ജിജി വിക്ടര്‍ സ്വാഗതവും, സാംസ്‌ക്കാരികവേദി ജനറല്‍ കണ്‍വീനര്‍ സി.എ.ജോസഫ് ആശംസയും അര്‍പ്പിച്ചു. സാംസ്‌ക്കാരികവേദി വൈസ് ചെയര്‍മാന്‍ ശ്രീ.തമ്പി ജോസ്, യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റ് സുജു ജോസഫ്, ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ പ്രസിഡന്റ് രഞ്ജിത്ത് കുമാര്‍, വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷാജു ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.

കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ നാല് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍നിന്നുമായി നിരവധി കുട്ടികളും മുതിര്‍ന്നവരും രാവിലെ തന്നെ കുടുംബസമേതം എത്തിച്ചേര്‍ന്നിരുന്നു. മത്സരങ്ങള്‍ ആരംഭിക്കുന്നതിനു പത്തു മിനിറ്റ് മുന്‍പായി നല്‍കിയ വിഷയത്തെ ആസ്പദമാക്കിയാണ് രചനകള്‍ നടന്നത്. ചിത്രരചനാ രംഗത്തെ അനേക വര്‍ഷങ്ങളുടെ പരിചയമുള്ള പ്രശസ്തരായ വിധികര്‍ത്താക്കളടങ്ങിയ വിദഗ്ധ സമിതിയാണ് മത്സരാനന്തരം വിധിനിര്‍ണ്ണയം നടത്തിയത്.

യുക്മയുടെയും യുക്മ സാംസ്‌ക്കാരികവേദിയുടെയും ഭാരവാഹികളോടൊപ്പം, മത്സരാര്‍ത്ഥികളും അവരുടെ കുടുംബങ്ങളും പൊതുജനങ്ങളും തിങ്ങിനിറഞ്ഞ സദസ്സില്‍ വിജയികളെ പ്രഖ്യാപിച്ചു സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരങ്ങള്‍ നടന്ന നാല് വിഭാഗങ്ങളിലും ഒന്നാം സമ്മാനം ലഭിച്ചവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്കിയതിനോടൊപ്പം ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിജയികള്‍ക്ക് പുറമെ മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രോത്സാഹനനവും അംഗീകാരവുമായി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

വരകളും വര്‍ണ്ണങ്ങളും ചാലിച്ച് തീവ്രമായ ഭാവന സൃഷ്ട്ടിച്ച എല്ലാ മത്സരാര്‍ത്ഥികളും ഭാവിയുടെ വാഗ്ദാനങ്ങളാണെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ.സജീഷ് ടോമും സാംസ്‌ക്കാരികവേദി വൈസ് ചെയര്‍മാന്‍ ശ്രീ.തമ്പി ജോസും അഭിപ്രായപ്പെട്ടു. സമ്മാനദാന ചടങ്ങില്‍ യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വിജയികളായ അനു ചന്ദ്ര, അലീന സജീഷ് എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. മത്സരങ്ങളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രധാന സംഘാടകരായ ജിജി വിക്ടര്‍, സി.എ.ജോസഫ് എന്നിവര്‍ നന്ദി രേഖപ്പെടുത്തി. യു.കെ.യിലെ ഇന്‍ഷുറന്‍സ് രംഗത്തെ പ്രമുഖരായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആയിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകര്‍.

ഓരോ വിഭാഗത്തിലും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ മത്സര വിജയികളുടെ പേരുകള്‍ താഴെ കൊടുക്കുന്നു.
കിഡ്‌സ്: ജോഷ്വ വിക്ടര്‍, എഞ്ചല്‍ സോണി, ഏബല്‍ ജോര്‍ജ്
സബ് ജൂനിയര്‍: ജിയ കുര്യാക്കോസ്, ജോയല്‍ ജോസ്, എല്‍വിസ് ഇടക്കര
ജൂനിയര്‍: ജോര്‍ജി സജി, എല്‍ബിന്‍ ജോസഫ്, അലീന സജി മാത്യു
സീനിയര്‍: നീന ആന്‍ മാത്യു, സ്റ്റെന്‍സി റോയ്, ജോസ്സി തോമസ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.