1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2017

സ്വന്തം ലേഖകന്‍: കൊച്ചിയില്‍ ശ്വാസതടസ്സം നേരിട്ട നവജാത ശിശുവുമായി പോയ ആംബുലന്‍സിനെ കടത്തിവിടാതെ മത്സരിച്ചോടിയ ഡ്രൈവര്‍ പിടിയില്‍, വിചിത്ര ന്യായവുമായി വാഹന ഉടമ, ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദ്ദേശം. താന്‍ നല്ല കാര്യത്തിനാണ് മുതിര്‍ന്നത് എന്നും എന്നാല്‍ തന്റെ കയ്യില്‍നിന്ന് സംഗതി വിട്ടുപോയി എന്നും ആംബുലന്‍സിന് വഴി നല്‍കാതെ കൊച്ചിയില്‍ അറസ്റ്റിലായ നിര്‍മല്‍ ജോസ് മാധ്യമങ്ങളോട് പറഞ്ഞു. ഗതാഗത തടസ്സം എവിടെയെല്ലാം ഉണ്ടാകുമെന്ന് തനിക്കറിയാം. താന്‍ നാട്ടുകാരനാണെന്നും ആംബുലന്‍സിനെ സഹായിക്കാനാണ് അങ്ങനെ വാഹനം ഓടിച്ചതെന്നും നിര്‍മല്‍ വാദിക്കുന്നു.

കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സിന് വഴി കൊടുക്കാതെ മത്സരിച്ച് വാഹനമോടിച്ച നിര്‍മല്‍ ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ജനിച്ച ഉടന്‍ ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് അത്യാസന്ന നിലയിലായ കുഞ്ഞിനെയും കൊണ്ട് പെരുമ്പാവൂരില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. കുഞ്ഞിന്റെ അമ്മയും നഴ്‌സുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

കുട്ടി ഗുരുതരാവസ്ഥയിലായതിനാല്‍ സൈറണ്‍ ഇട്ട് നല്ല വേഗതയില്‍ ഓടിയ ആംബുലന്‍സിന് വഴി കൊടുക്കാതെ കാര്‍ തടസ്സം സൃഷ്ടിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. രാജഗിരി ആശുപത്രി മുതല്‍ കൊച്ചിന്‍ ബാങ്ക് വരെ കിലോമീറ്ററുകളോളം ദൂരമാണ് കാര്‍ ആംബുലന്‍സിന്റെ മുന്‍പില്‍ നിന്ന് മാറാതെ മത്സരിച്ചോടിയത്. പലപ്രാവശ്യം ആംബുലന്‍സ് ഡ്രൈവര്‍ മുന്നില്‍ കയറാന്‍ ശ്രമിച്ചെങ്കിലും മനപ്പൂര്‍വ്വം വഴി മാറാതെ തടസ്സം സൃഷ്ടിക്കുകയായിരുന്നു കാര്‍ ഡ്രൈവര്‍.

ആംബുലന്‍സില്‍ ഡ്രൈവര്‍ക്കൊപ്പമിരുന്നയാളാണ് നിരവധി അവസരങ്ങളുണ്ടായിട്ടും മുന്നില്‍ കയറാന്‍ അനുവദിക്കാതിരുന്ന കാറിന്റെ വീഡിയോ പകര്‍ത്തിയത്. കെഎല്‍17എല്‍202 എന്ന കാറിന്റെ നമ്പറും വീഡിയോയില്‍ വ്യക്തമായി കാണാമായിരുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. 15 മിനുട്ട് കൊണ്ട് മെഡിക്കല്‍ കോളേജില്‍ എത്തുമായിരുന്നെങ്കിലും കാര്‍ തടസ്സം സൃഷ്ടിച്ചതിനാല്‍ 35 മിനുട്ട് കൊണ്ടാണ് എത്താന്‍ കഴിഞ്ഞതെന്ന ആംബുലന്‍സ് ഡ്രൈവര്‍ മധുവിന്റെ വീഡിയോയും പുറത്തു വന്നിരുന്നു.

വീഡിയോ കണ്ട ആലുവ ഡിവൈഎസ്പി കെബി പ്രഫുല്ല ചന്ദ്രന്‍ വിഷയത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അറസ്റ്റ് ചെയ്ത പ്രതി നിര്‍മല്‍ ജോസിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത ഫോര്‍ഡ് എക്കോ സ്‌പോര്‍ട്ട് കാര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ആംബുലന്‍സിന് തടസ്സം സൃഷ്ടിക്കുകയും അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയും ചെയ്ത നിര്‍മല്‍ ജോസിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.