1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2015

സ്വന്തം ലേഖകന്‍: പൂസായി വണ്ടിയോടിച്ചാല്‍ തടവ് ശിക്ഷ നിര്‍ബന്ധമാക്കാന്‍ റോഡ് സുരക്ഷാ സമിതി ശുപാര്‍ശ. ഒപ്പം അമിതവേഗത്തില്‍ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് മൂന്നു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്യണമെന്നും റോഡു സുരക്ഷാ നടപടികള്‍ക്കായി സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ സമിതി സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചു.

മോട്ടോര്‍ വാഹന നിയമത്തിലും (1988) കേന്ദ്ര ചട്ടത്തിലുമുള്ള വ്യവസ്ഥകള്‍ മാത്രമാണു തങ്ങള്‍ നിര്‍ദേശിച്ചിട്ടുള്ളതെന്നു ജസ്റ്റിസ് രാധാകൃഷ്ണന്‍ പറഞ്ഞു. നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഉടനെ സുപ്രീം കോടതിക്കു നല്‍കും. നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലെടുത്ത നടപടികളെക്കുറിച്ച് അടുത്ത മാസം മുതല്‍ മൂന്നു മാസത്തിലൊരിക്കല്‍ സമിതിക്കു സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ചീഫ് സെക്രട്ടറിമാരോടു വ്യക്തമാക്കിയിട്ടുണ്ട്.

അമിത വേഗത്തില്‍ വാഹനമോടിക്കുക, അമിത ഭാരം കയറ്റുക, ചരക്കുവണ്ടികളില്‍ ആളുകളെ കയറ്റുക, മദ്യപിച്ചും ലഹരിമരുന്ന് ഉപയോഗിച്ചും വാഹനമോടിക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക – ഈ കുറ്റങ്ങള്‍ ചെയ്യുന്നവരുടെ ലൈസന്‍സ് മൂന്നുമാസത്തേക്കു സസ്‌പെന്‍ഡ് ചെയ്യണമെന്നതാണ് ശുപാര്‍ശകളില്‍ പ്രധാനം.

മദ്യപിച്ചോ ലഹരിമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ പൊലീസ് നടപടിയെടുക്കണം. ആദ്യതവണയാണു കുറ്റം ചെയ്യുന്നതെങ്കിലും ഇതു ബാധകമായിരിക്കണം. മോട്ടോര്‍ വാഹന നിയമത്തിലെ 185 വകുപ്പു പ്രകാരമാണ് ഈ നടപടി.

വാഹനമോടിക്കുന്നവര്‍ക്കു മാത്രമല്ല, പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണം. ഹെല്‍മറ്റ് ഉപയോഗിക്കാത്തതിനു പിടിക്കപ്പെടുന്നവര്‍ക്കു പിഴ ചുമത്തിയാല്‍ മാത്രം പോരാ, റോഡ് സുരക്ഷ സംബന്ധിച്ച് രണ്ടു മണിക്കൂറെങ്കിലും കൗണ്‍സലിങ് നല്‍കുകയും വേണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.