1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2015

ലോകത്തിലെ തന്നെ ഏറ്റവും ആള്‍പാര്‍പ്പുള്ള കെട്ടിടങ്ങളിലൊന്നായ ദുബൈ മറീന ജില്ലയിലെ ടോര്‍ച്ച് ടവറില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് കെട്ടിടത്തിലെ മുകളിലെ നിലകളില്‍ തീപടര്‍ന്നത്. അഗ്‌നിബാധയില്‍ ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് 86 നിലകളുള്ള ടോര്‍ച്ച് ടവറില്‍ തീപിടുത്തം ആരംഭിച്ചത്. ശക്തമായ കാറ്റില്‍ തീ മറ്റ് നിലകളിലേക്ക് വളരെ വേഗം ആളിപ്പടരുകയായിരുന്നു. തീ പിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.

ദുബൈയിലെ തന്നെ ഏറ്റവും കൂടുതല്‍ ജനവാസമുള്ള ജില്ലയാണ് ദുബൈ മറീന. നിരവധി ബഹുനില ഫല്‍റ്റ് സമുച്ചയങ്ങളാണ് ഇവിടെയുള്ളത്. നൂറുകണക്കിന് താമസക്കാരെ ടോര്‍ച്ച് കെട്ടിടത്തില്‍ നിന്നും ഒഴിപ്പിച്ചു.

തീ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. പക്ഷേ കാറ്റ് വീശുമ്പോള്‍ തീ ആളുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. 70ാം നില വരെ തീ പടര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ശക്തമായ കാറ്റില്‍ തീ എളുപ്പത്തില്‍ മറ്റ് നിലകളിലേക്ക് പടരുന്ന സാഹചര്യമാണ് ഉള്ളത്.

52ാം നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. അഗ്‌നിശമന ജീവനക്കാരുടെയും പോലീസിന്റെയും കൃത്യമായ ഇടപെടല്‍ കാരണം തീ വളരെ പെട്ടന്ന് നിയന്ത്രണവിധേയമായതായി കെട്ടിടത്തിലെ താമസക്കാര്‍ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അപകടത്തെ തുടര്‍ന്ന് മറീന നോര്‍ത്തിലെ റോഡുകള്‍ അടച്ചിട്ടു. തീ പിടുത്തത്തെ തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ സമീപങ്ങളില്‍ കൂട്ടിയിട്ടിരിക്കുകയാണ്.

1105 അടി ഉയരമുള്ള ടോര്‍ച്ച് ടവര്‍ നാല് വര്‍ഷം മുമ്പാണ് താമസത്തിനായി തുറന്നുകൊടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.