1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2015

സ്വന്തം ലേഖകന്‍: അവധിക്കാലം ഇങ്ങെത്തിയതോടെ ഓരോ ദിവസവും ചുരുങ്ങിയത് 75,000 യാത്രക്കാരെ കടത്തിവിടാന്‍ ഒരുങ്ങുകയാണ് ദുബായ് വിമാനത്താവളം. ഈ മാസം 26 മുതല്‍ സ്‌കൂള്‍ അവധി ആരംഭിക്കുന്നതോടെ തിരക്ക് തുടങ്ങും ഈ ദിവസങ്ങളില്‍ വിമാനടിക്കറ്റ് നിരക്കും ക്രമാതീതമായി ഉയരുക പതിവാണ്.

തിരക്ക് നേരിടാന്‍ ബോധവല്‍കരണം ഉള്‍പ്പെടെയുള്ള നടപടികളും വിമാനത്താവള അധികൃതര്‍ ആരംഭിച്ചു. യാത്രക്കാര്‍ നേരത്തെതന്നെ വിമാനത്താവളത്തില്‍ എത്താനും വിമാനത്താവളം ഒരുക്കുന്ന സൗകര്യങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്താനും അധികൃതര്‍ ആവശ്യപ്പെട്ടു. റേഡിയോ നെറ്റ്‌വര്‍ക്കുകള്‍ വഴിയാണ് ബോധവല്‍കരണം.

കൂടാതെ, യാത്രക്കാര്‍ക്കു സമ്മാനങ്ങളുമായി നറുക്കെടുപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സൗകര്യം പ്രയോജനപ്പെടുത്താനും വിമാന സര്‍വീസ് വിവരങ്ങള്‍ക്കായി വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാനും അധികൃതര്‍ നിര്‍ദേശം നല്‍കി.

തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹെല്പ് ഡെസ്‌ക്കില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കും. ഇമിഗ്രേഷന്‍, സുരക്ഷ തുടങ്ങിയ വിഭാഗങ്ങളിലും കൂടുതല്‍ ജീവനക്കാരുണ്ടാകും. വളരെയധികം യാത്രക്കാര്‍ അവധിക്കാലത്ത് ദുബായില്‍നിന്നു യാത്രചെയ്യുന്നതിനാല്‍ സമ്മര്‍ദമില്ലാത്ത യാത്ര ഓരോരുത്തര്‍ക്കും ഏര്‍പ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യാന്തര ഭക്ഷണ, പാനീയം ലഭ്യമാകുന്ന ഭക്ഷ്യശാലകള്‍, ലോകോത്തര റീടെയ്ല്‍ സ്ഥാപനങ്ങള്‍, സ്പാ സേവനങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാനും ദുബായ് എയര്‍പോര്‍ട്‌സ് കമേഴ്‌സ്യല്‍ വിഭാഗത്തിലെ യൂജിന്‍ ബാരി ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തേക്കു കോസ്റ്റാ കോഫി, ദുബായ് ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സര്‍പ്രൈസസ് നറുക്കെടുപ്പില്‍ സൗജന്യ പ്രവേശനം, അറ്റ്‌ലാന്റിസ് ദ് പാമില്‍ താമസം തുടങ്ങി സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.