1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2017

 

സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയിലെ സന്തോഷത്തിന്റെ തലസ്ഥാനമായി യുഎഇ, ഐക്യരാഷ്ട സഭയുടെ സന്തോഷപ്പട്ടികയില്‍ രാജ്യത്തിന് അഭിമാനാര്‍ഹമായ നേട്ടം. ലോകത്തിലെ സന്തുഷ്ടരാജ്യങ്ങളുടെ പട്ടികയില്‍ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ച വച്ച യുഎഇ ഗള്‍ഫ് മേഖലയില്‍ ഒന്നാം സ്ഥാനവും രാജ്യാന്തര പട്ടികയില്‍ ഇരുപത്തിയൊന്നാം സ്ഥാനവും സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ഇരുപത്തിയെട്ടാം സ്ഥാനത്തായിരുന്നു രാജ്യം.

ഖത്തറിനാണ് ഗള്‍ഫ് മേഖലയില്‍ രണ്ടാം സ്ഥാനം. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനമുണ്ടായിരുന്ന സൗദി അറേബ്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആഗോള പട്ടികയില്‍ ഖത്തറിന് മുപ്പത്തി അഞ്ചാം സ്ഥാനവും സൗദിക്ക് മുപ്പത്തിയേഴാം സ്ഥാനവും ആണുള്ളത്. യുഎഇയിലും ഖത്തറിലും ആകെ ജനസംഖ്യയുടെ 80ശതമാനവും പ്രവാസികളാണെന്ന് ഹാപ്പിനസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര ഹാപ്പിനസ് ദിനത്തിന്റെ ഭാഗമായി ലോകത്തിലെ ആദ്യത്തെ ഹാപ്പിനസ് കൗണ്‍സില്‍ കഴിഞ്ഞ ദിവസം യുഎഇ രൂപീകരിച്ചിരുന്നു. യുഎഇ പ്രധാനമന്ത്രി ഷേയ്ഖ് മുഹമ്മദാണ് 13 അംഗ കൗണ്‍സിലിന് രൂപം നല്‍കിയത്. അന്താരാഷ്ട്ര ഹാപ്പിനസ് ദിനത്തിന്റെ ഭാഗമായി നടന്ന ഗ്ലോബല്‍ സെലിബ്രേഷനിലാണ് ഹാപ്പിനസ് കൗണ്‍സില്‍ പ്രഖ്യാപിച്ചത്. ഇതിലൂടെ ലോകത്തിന് പോസിറ്റീവ് സന്ദേശം നല്‍കാന്‍ യുഎഇക്ക് കഴിഞ്ഞുവെന്നും ഷേയ്ഖ് മുഹമ്മദ് പറഞ്ഞു. ദുബായില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ വച്ച് ഹാപ്പിന്‌സ് കൗണ്‍സില്‍ ഈ വര്‍ഷത്തെ ഗ്ലോബല്‍ ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രഖ്യാപിക്കും.

ആളോഹരി വരുമാനം, സാമൂഹ്യസഹായം, ആരോഗ്യംജീവിതദൈര്‍ഘ്യം, ഇഷ്ടാനുസരണം ജീവിക്കാനുള്ള സ്വാതന്ത്ര്യം, ജനങ്ങളുടെ ഉദാരത, സമൂഹത്തിലെ അഴിമതി എന്നീ ആറു കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സന്തുഷ്ടി സംബന്ധിച്ച ലോക റാങ്കിങ് നിശ്ചയിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.