1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2017

സ്വന്തം ലേഖകന്‍: മെക്‌സിക്കോ ഭൂകമ്പം വഴിയാധാരമാക്കിയത് എട്ട് ലക്ഷം പേരെ, പതിനായിരങ്ങള്‍ക്ക് കിടപ്പാടം നഷ്ടമായി. തെക്കന്‍ മെക്‌സിക്കോയിലുണ്ടായ ഭൂചലനത്തില്‍ എട്ടു ലക്ഷം പേര്‍ക്ക് സര്‍വതും നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ ഏറെ പേര്‍ക്കും ദുരന്തത്തില്‍ സ്വന്തക്കാരെയും നഷ്ടമായി. ഒസാക ഗവര്‍ണര്‍ അലക്‌സാന്‍ഡ്രോ മുറാറ്റാണ് മെക്‌സിക്കന്‍ ടിവിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

തൊണ്ണൂറിലേറെപ്പേര്‍ മരിച്ച ദുരന്തത്തില്‍ പതിനായിരങ്ങള്‍ ഭവനരഹിതരായി. 20 ലക്ഷംപേര്‍ പരോക്ഷമായി ഭൂചലനത്തിന്റെ ദുരിതത്തിനിരയായതായി. 8.1 തീവ്രത സ്ഥിരീകരിച്ച ചലനം നൂറ്റാണ്ടിനിടെ ഉണ്ടായ ശക്തമായ ഒന്നാണ്. ഇതിനുമുമ്പ് 1985ലാണ് മെക്‌സിക്കന്‍ സിറ്റിയില്‍ ഇതേതോതിലുള്ള ഭൂചലനം ഉണ്ടായത്.

അതേസമയം, ഒസാകയില്‍ മരിച്ച 71 പേരില്‍ ഭൂരിഭാഗവും ജൂഷിറ്റന്‍ നഗരത്തില്‍നിന്നുള്ളവരാണ്. ഇവിടെമാത്രം അയ്യായിരത്തിലേറെ വീട് തരിപ്പണമായി. ഷിയാപാസില്‍ 16 പേരും തബാസ്‌കോയില്‍ നാലുപേരും മരിച്ചു. പ്രദേശത്തെ മുഴുവന്‍ വീടും കെട്ടിടങ്ങളും തകര്‍ന്ന് നാമാവശേഷമായി. കുടിവെള്ളവും വൈദ്യുതിയും ഇല്ലാത്തതിനാല്‍ ആകെ ദുരിതമാണ്. സുനാമി മുന്നറിയിപ്പ് പരിഗണിച്ച് തീരദേശത്തുള്ളവരെയാകെ മാറ്റിപ്പാര്‍പ്പിച്ചിട്ടുമുണ്ട്.

ഞായറാഴ്ചയും ചെറിയതോതില്‍ തുടര്‍ചലനങ്ങളുണ്ടായി. ഭീതിയിലായ ജനം പൂന്തോട്ടത്തിലും മറ്റു തുറസ്സായ സ്ഥലങ്ങളിലുമാണ് തങ്ങുന്നത്. അതേസമയം, ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും പക്ഷപാതമുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. രാജ്യത്തെ ദരിദ്രമായ തെക്കന്‍മേഖലകളില്‍, സമ്പന്നര്‍ താമസിക്കുന്ന വടക്കന്‍ മേഖലകളിലേതുപോലെ സഹായങ്ങള്‍ എത്തിക്കുന്നില്ലെന്നാണ് ആരോപണം. രാജ്യത്ത് മൂന്നുദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.