1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2017

സ്വന്തം ലേഖകന്‍: ‘സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നത് മാത്രമല്ല’, തുറന്നടിച്ച് എഡിറ്റര്‍ ബീന പോള്‍. മോശമായി പെരുമാറുന്നു എന്നത് കൊണ്ടാണ് സിനിമയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നു വരാത്തതെന്ന് സിനിമാ എഡിറ്ററും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍ പേഴ്‌സണുമായ ബീനാപോള്‍ വ്യക്തമാക്കി. കിടക്ക പങ്കിടാന്‍ മാത്രം പറയുന്നതാണ് സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് കരുതരുതെന്നും ലൈംഗികചുവയുള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ സിനിമയിലെ സ്ത്രീകള്‍ രസത്തോടെ കേട്ടിരിക്കുമെന്ന് കരുതുന്ന അനേകര്‍ സിനിമാവേദിയില്‍ ഇപ്പോഴും ഉണ്ടെന്നും ബീന കൂട്ടിച്ചേര്‍ത്തു.

ഒരു പ്രമുഖ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ബീന വിശദമായി ചര്‍ച്ച ചെയ്യുന്നത്. സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിക്കുന്നത് പുതിയ കാര്യമല്ല. അതേക്കുറിച്ച് ആരും പരാതി പറയാത്തതിനാല്‍ ആര്‍ക്കും എവിടെവെച്ചും എന്തും പറയാമെന്നായി എന്നു മാത്രം.സിനിമയില്‍ ലൈംഗികത ആവശ്യപ്പെടുന്നവരുടെ എണ്ണം വളരെ കുറവായിരിക്കാമെങ്കിലും അശ്‌ളീലചുവയുള്ള സംസാരം സ്ത്രീകള്‍ കേട്ടിരിക്കുമെന്ന് കരുതുന്നവര്‍ ഏറെയുണ്ട്. പരാതിപ്പെട്ടാല്‍ അവര്‍ക്ക് ജയിലില്‍ പോകേണ്ടി വരും. എന്നാല്‍ സിനിമയിലെ സ്ത്രീകള്‍ പരാതിപ്പെടില്ലെന്ന ധാരണയാണ് ഇവര്‍ക്കെന്നും ബീനാ പോള്‍ പറഞ്ഞു.

രാത്രിയില്‍ തുടര്‍ച്ചയായി ഫോണില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നവരെക്കുറിച്ച് എത്രയോ പരാതികള്‍ കേട്ടിട്ടുണ്ട്. സിനിമയില്‍ സ്ത്രീ എന്ന പ്രത്യേക പരിഗണനയൊന്നും ആര്‍ക്കും നല്‍കേണ്ട. ജോലി ചെയ്യാന്‍ എത്തുന്ന ഒരാള്‍ക്ക് നല്‍കേണ്ട മാന്യത കിട്ടിയാല്‍ മാത്രം മതി. സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ ഉണ്ടായപ്പോള്‍ നേരിടുന്ന പ്രതിസന്ധികളെ പരസ്യമായി എതിര്‍ത്തു എന്നത് മാത്രമാണ് ഇപ്പോഴത്തെ പ്രശ്‌നമെന്നും ബീന പറഞ്ഞു. അമ്മ പ്രസിഡന്റ് ഇന്നസെന്റ് ഉള്‍പ്പെടെ നിരവധി സിനിമാ പ്രവര്‍ത്തകര്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി വിവാദത്തില്‍ കുടുങ്ങിയ സമയത്താണ് ബീനയുടെ ലേഖനം പുറത്തുവരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.