1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2020

സ്വന്തം ലേഖകൻ: വിമാനത്താവളത്തില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍റെ പുറത്ത് തട്ടി നന്ദി പറഞ്ഞ യാത്രക്കാരന്‍ ജയിലിലായി. ഈജിപ്ത് വിമാത്താവളത്തിലെത്തിയ അന്‍പത്തൊന്നുകാരനായ ബ്രിട്ടീഷ് പൗരനാണ് അറസ്റ്റിലായത്. ദക്ഷിണ ലണ്ടനിലെ സട്ടനില്‍ നിന്നുള്ള യാത്രക്കാരനായ ടോണി കാമോക്കിയോയാണ് ജയിലിലായത്.

നാലുകുട്ടികളുടെ പിതാവായ ടോണി കുടുംബത്തോടൊപ്പം പത്ത് ദിവസത്തെ അവധി ആഘോഷങ്ങള്‍ക്ക് ശേഷം ബ്രിട്ടനിലേക്ക് പോകാനായി എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് സംഭവം. പതിനെട്ട് അംഗസ സംഘമായാണ് ടോണിയും കുടുംബവും സുഹൃത്തുക്കളുമെത്തിയത്. സെക്യൂരിറ്റി ചെക്കില്‍ ബാഗുകള്‍ വയ്ക്കാന്‍ സഹായിച്ച സുരക്ഷാ ഉദ്യോഗസ്ഥന്‍റെ പുറത്ത് നന്ദി സൂചകമായി ടോണി തട്ടുകയായിരുന്നു. ലൈംഗികാതിക്രമമാണ് ടോണിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

ബ്രിട്ടണില്‍ വ്യവസായിയാ ടോണിയെ ഹര്‍ഗാഡ പൊലീസ് സ്റ്റേഷനിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. അന്‍പത്തിമൂന്നുകാരിയ ഭാര്യയും 26കാരിയായ മകളും ടോണിയെ വിട്ടുതരണമെന്ന് ആവശ്യവുമായി ഈജിപ്തില്‍ തുടരുകയാണ്. തെറ്റിധാരണയുടെ പുറത്താണ് ടോണിയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്. ലൈംഗികാതിക്രമം പോലെയുള്ള ഉദ്ദേശത്തോടെയല്ല പിതാവ് സുരക്ഷാ ഉദ്യോഗസ്ഥന്‍റെ പുറത്ത് തട്ടിയതെന്ന് മകള്‍ പറയുന്നു. വരിയില്‍ നില്‍ക്കുമ്പോള്‍ നല്ല തിരക്കുണ്ടായിരുന്നു. ഇതിനിടയില്‍ പുറത്ത് തട്ടിയത് തെറ്റിധരിച്ചതാവുമെന്നാണ് കുടുംബത്തിന്‍റെ വാദം.

സുരക്ഷാ ഉദ്യോഗസ്ഥനെ കണ്ട് തെറ്റിധാരണ നീക്കാന്‍ കുടുംബം ശ്രമിച്ചുവെങ്കിലും കാണാന്‍ സാധിച്ചില്ലെന്നും ടോണിയുടെ കുടുംബം പറയുന്നു. നിരവധി തവണ ഇതിന് മുന്‍പ് ഈജിപ്ത് സന്ദര്‍ശിച്ചിട്ടുള്ളയാളാണ് ടോണി. ലൈംഗികാതിക്രമക്കുറ്റം ടോണിക്ക് മേല്‍ ചുമത്തിയത് അറസ്റ്റിലായി നാല് ദിവസങ്ങള്‍ക്ക് ശേഷമാണെന്നും ഭാര്യ പറയുന്നു. ലണ്ടനിലെ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ടോണിയെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് കുടുംബം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.