1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2017

 

സ്വന്തം ലേഖകന്‍: ആറു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലില്‍ നിന്ന് ബ്രിട്ടനിലേക്ക് പറക്കുന്നവര്‍ ലാപ്‌ടോപ്പും ടാബ്ലെറ്റും ഉപേക്ഷിക്കേണ്ടി വരും, നിരോധനം ഉടന്‍ നടപ്പിലാക്കുമെന്ന് ബ്രിട്ടന്‍, വരാനിരിക്കുന്നത് വിരസമായ ആകാശ യാത്ര. ഈജിപ്ത്, ജോര്‍ദാന്‍, ലെബനന്‍, സൗദി അറേബ്യ, ട്യുണീഷ്യ, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്നുള്ള വിമാനങ്ങളില്‍ ബ്രിട്ടനിലേക്ക് വരുന്ന യാത്രക്കാര്‍ക്കാണ് ലാപ്‌ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയ വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം വക്കുന്നതിന് നിരോധനമുള്ളത്.

16 സെന്റീമീറ്ററില്‍ താഴെ നീളവും 9.3 സെന്റീമീറ്ററില്‍ താഴെ വീതിയും 1.5 സെന്റീമിറ്ററില്‍ താഴെ കനവുമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ മാത്രമേ ഇനി യുഎസിലേക്കും ബ്രിട്ടനിലേക്കുമുള്ള യാത്രയില്‍ കൈയില്‍ കരുതാനാകൂ. ഗള്‍ഫില്‍നിന്നും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുമുള്ള വിമാനങ്ങളിലാണ് ഇപ്പോള്‍ നിയന്ത്രണമെങ്കിലും ഇന്ത്യക്കാരുടെ എല്ലാ യൂറോപ്യന്‍ യാത്രകളുംതന്നെ ഗള്‍ഫിലൂടെയാണ് എന്നതിനാല്‍ നിരോധനം ബാധിക്കുമെന്ന് ഉറപ്പാണ്.

വിരസമായ മണിക്കൂറുകള്‍ വിമാനത്തില്‍ ചെലവഴിക്കേണ്ടി വരുമ്പോള്‍ മൊബൈല്‍ ഫോണും വിമാന കമ്പനി കാണിക്കുന്ന സിനിമകളും മാത്രമാകും ഇനി നേരംപോക്ക്. മാത്രമല്ല എളുപ്പത്തില്‍ കേടുപാടുകള്‍ സംഭവിക്കാവുന്ന വിലയേറിയ ഇലക്ടോണിക് ഉപകരണങ്ങള്‍ ലഗേജില്‍ കയറ്റിവിടുക എന്നതു പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ലഗേജില്‍ വരുന്ന ഇവ സുരക്ഷിതമായി എത്തുമോയെന്നുള്ള ആധി വേറേയും.

എട്ട് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ ഇവ കൈവശംവെക്കുന്നത് യു.എസ്. ബുധനാഴ്ച മുതല്‍ വിലക്കിയിട്ടുണ്ട്. അമേരിക്കയുടെ വിലക്കിനെ തുര്‍ക്കി വിമര്‍ശിച്ചു. പുതിയ നിയമം യാത്രക്കാരെ ശിക്ഷിക്കുന്നതിനു തുല്യമാണെന്ന് തുര്‍ക്കി പറഞ്ഞു. ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് രണ്ടു രാജ്യങ്ങളും ഈ നിരോധനം കൊണ്ടുവന്നത്. മധ്യ പൂര്‍വ ഏഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും എട്ടു രാജ്യങ്ങളിലെ പത്ത് വിമാനത്താവളങ്ങളെയാണ് അമേരിക്കയുടെ വിലക്ക് ബാധിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.