1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2019

സ്വന്തം ലേഖകന്‍: സൗദി മരുഭൂമിയില്‍ വാഹനം കുടുങ്ങിയത് 5 ദിവസം; മരണം മുന്നില്‍ക്കണ്ട യുഎഇ പൗരന്‍മാര്‍ക്ക് രക്ഷകരായി സൗദി ബോര്‍ഡര്‍ ഗാര്‍ഡ്‌സ്. സൗദി അറേബ്യന്‍ ബോര്‍ഡര്‍ ഗാര്‍ഡ്‌സ് സൗദി അതിര്‍ത്തിയിലെ മരുഭൂമിയില്‍ അഞ്ചു ദിവസമായി കുടുങ്ങിയ എമിറാത്തികളെ രക്ഷിച്ച കാര്യം അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ അറിയിച്ചത്.

റബ് അല്‍ ഖലീല്‍ ഭാഗത്തെ മരുഭൂമിയില്‍ വാഹനത്തിന്റെ ടയര്‍ കുടുങ്ങി ബുദ്ധിമുട്ടിലായ രണ്ടു എമിറാത്തികളെ തിങ്കളാഴ്ച രാവിലെയാണ് രക്ഷപ്പെടുത്തിയത്. ദമാം മെഡിക്കല്‍ റസ്‌ക്യൂ ആന്‍ഡ് കോര്‍ഡിനേഷന്‍ സെന്റര്‍ (ഡിഎംആര്‍സിസി)യ്ക്ക് ഞായറാഴ്ച ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം എമിറാത്തികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ റബ് അല്‍ഖലീലിലെ ദക്ഷിണ ഭാഗത്തുനിന്നും ഏതാണ്ട് 68 കിലോമീറ്റര്‍ അകലെയായിരുന്നു ഇവര്‍ എന്നാണ് ഡിഎംആര്‍സിസില്‍ ലഭിച്ച വിവരം. തുടര്‍ന്ന് സൗദി ജനറല്‍ സെക്യൂരിറ്റി ഏവിയേഷന്‍ കമാന്‍ഡിന്റെ സഹായത്തോടെ പട്രോള്‍ സംഘം മരുഭൂമിയില്‍ എസ് യുവി വാഹനം കുടുങ്ങി ഒറ്റപ്പെട്ടുപോയ എമിറാത്തികളെ കണ്ടെത്തി. രണ്ടു പേരായിരുന്നു വാഹനത്തില് ഉണ്ടായിരുന്നത്.

താഴെ മണലില്‍ നില്‍ക്കുകയായിരുന്ന ഇവര്‍ക്ക് ഉടന്‍ തന്നെ ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ നല്‍കുകയും വാഹനം മണലില്‍ നിന്നും പുറത്തെടുക്കുകയും ചെയ്തു. അവരുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരോടൊപ്പമുള്ള ഒരു ചിത്രവും അധികൃതര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.