1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2015

ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് വിജയം. ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 124 റണ്‍സിനാണ് ഇംഗ്ലീഷ് നിര ന്യൂസിലന്‍ഡിനെ തറപറ്റിച്ചത്. ബാറ്റിംഗ് നിരയില്‍ ജോ റൂട്ട്, അലിസ്റ്റര്‍ കുക്ക് എന്നിവര്‍ മികവ് കാട്ടിയപ്പോള്‍ ബൗളിംഗ് നിരയില്‍ സ്റ്റുവര്‍ട്ട് ബ്രോഡ്, മൊയീന്‍ അലി എന്നിവര്‍ തിളങ്ങി. ഓള്‍ റൗണ്ടറായി ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ മികവ് കാട്ടിയ ബെന്‍ സ്റ്റോക്ക്‌സാണ് മാന്‍ ഓഫ് ദ് മാച്ച്. ബെന്‍ സ്റ്റോക്ക്‌സ് ആദ്യ ഇന്നിംഗ്‌സില്‍ 92 റണ്‍സും രണ്ടാമത്തെ ഇന്നിംഗ്‌സില്‍ 101 റണ്‍സും നേടി സ്‌കോര്‍ ബോര്‍ഡിലേക്ക് നിര്‍ണായകമായ സംഭാവനകള്‍ നല്‍കി.

ലോകകപ്പ് ടൂര്‍ണമെന്റിലെ മോശം പ്രകടനം കൊണ്ട് മങ്ങിപോയ ഇംഗ്ലീഷ് ടീമിന്റെ ശോഭ വീണ്ടെടുക്കുന്ന തരത്തിലായിരുന്നു ടീമിന്റെ പ്രകടനമെന്ന് കളി നിരീക്ഷകര്‍ വിലയിരുത്തുന്നു. മെയ് 21 മുതല്‍ 25 വരെ നടന്ന മത്സരത്തില്‍ 125,000 ആളുകള്‍ കളി കാണാന്‍ എത്തി എന്നതും നിരീക്ഷകര്‍ അത്യുത്സാഹത്തോടെയാണ് നോക്കി കാണുന്നത്.

ഒന്നാം ഇന്നിംഗ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 389 റണ്‍സിന് എല്ലാവരും പുറത്തായി. 98 റണ്‍സെടുത്ത ജോ റൂട്ടും 92 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്ക്‌സുമായിരുന്നു ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറര്‍മാര്‍. ജോസ് ബട്ട്‌ലര്‍ (67) മൊയീന്‍ അലി (58) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു. ന്യൂസിലാന്‍ഡിന് വേണ്ടി ട്രെന്‍ഡ് ബോള്‍ട്ട്, മാറ്റ് ഹെന്‍ട്രി എന്നിവര്‍ നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് 523 റണ്‍സ് നേടി. കെയിന്‍ വില്യംസന്റെ സെഞ്ച്വറി, ഗുപ്ടില്‍, ലഥാം, റോസ് ടെയ്‌ലര്‍, വാട്‌ലിംഗ് എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറിയുടെയും ബലത്തിലായിരുന്നു ന്യൂസിലന്‍ഡ് 523 റണ്‍സ് നേടിയത്. കെയ്ന്‍ വില്യംസണായിരുന്നു ന്യൂസിലന്‍ഡ് നിരയിലെ ടോപ് സ്‌കോറര്‍. 262 പന്തില്‍നിന്നായി 132 റണ്‍സ് നേടിയാണ് വില്യംസണ്‍ പുറത്തായത്. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡ്, മാര്‍ക്ക് വുഡ്, മൊയീന്‍ അലി എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 478 റണ്‍സ് നേടി. അലിസ്റ്റര്‍ കുക്കിന്റെ (162) യും ബെന്‍ സ്‌റ്റോക്ക്‌സിന്റെയും (101) സെഞ്ച്വറിയുടെ ബലത്തിലാണ് ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ നേടിയത്. ജോ റൂട്ട് 84 റണ്‍സും മൊയീന്‍ അലി 43 റണ്‍സും നേടി. ന്യൂസിലന്‍ഡിന് വേണ്ടി ട്രെന്‍ഡ് ബോള്‍ട്ട് അഞ്ച് വിക്കറ്റും ടിം സൗത്തി മാറ്റ് ഹെന്‍ട്രി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് 345 റണ്‍സായിരുന്നു വിജയലക്ഷ്യം. എന്നാല്‍ സ്‌കോര്‍ 220ല്‍ എത്തിയപ്പോള്‍ എല്ലാവരും പുറത്തായി. 67 റണ്‍സെടുത്ത കൊറി ആന്‍ഡേഴ്‌സണായിരുന്നു കിവീസ് നിരയിലെ ടോപ് സ്‌കോറര്‍. വാട്‌ലിംഗ് 59 റണ്‍സ് നേടിയപ്പോള്‍ ഗുപ്തില്ലും, വാട്‌ലിംഗും, മക്കെല്ലവും റണ്‍സൊന്നും എടുക്കാതെ പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡ്, ബെന്‍ സ്‌റ്റോക്ക്‌സ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍, മാര്‍ക്ക് വുഡ്, മൊയീന്‍ അലി, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.