1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2017

സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടിന് ലോക വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം, മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ മികച്ച ബൗളിങ്ങിലൂടെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സില്‍ ഒതുക്കിയ ഇന്ത്യന്‍ വനിതകള്‍ക്ക് ബാറ്റിങ്ങില്‍ കാലിടറി. 48.4 ഓവറില്‍ 219 റണ്‍സെടുക്കാനേ ഇന്ത്യന്‍ വനിതകള്‍ക്കായുള്ളു. ഒമ്പതു റണ്‍സിന്റെ തോല്‍വി.

ഇംഗ്ലീഷ് വനിതകളുടെ നാലാം ലോക ക്രിക്കറ്റ് കിരീടമാണിത്. ഇന്ത്യന്‍ വനിതകള്‍ ഇത് രണ്ടാം തവണയാണ് ലോകകപ്പിന്റെ ഫൈനലില്‍ തോല്‍ക്കുന്നത്. 2005ല്‍ ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച ലോകകപ്പിലായിരുന്നു ഇതിന് മുന്‍പുള്ള ഇന്ത്യയുടെ ഫൈനല്‍ തോല്‍വി. അന്ന് ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. ഇതുവരെ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും മാത്രമേ വനിതാ ലോക കിരീടം സ്വന്തമാക്കിയിട്ടുള്ളു.

ആവേശകരമായ ഫൈനലില്‍ അനായാസം ജയിക്കാവുന്ന മത്സരത്തില്‍ അനാവശ്യമായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ ഇന്ത്യന്‍ താരങ്ങള്‍ തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നു. നാലു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എന്ന നിലയില്‍ നിന്ന് അപ്രതീക്ഷിതമായിരുന്നു ഇന്ത്യന്‍ തകര്‍ച്ച. വെറും 28 റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യ അവസാന ആറു വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത്.

ഇന്ത്യന്‍ നിരയില്‍ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ പൂനം റൗത്തും ഹര്‍മന്‍പ്രീത് കൗറുമാണ് തിളങ്ങിയത്. 115 പന്തില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 86 റണ്‍സാണ് റൗത് നേടിയത്. 80 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 51 റണ്‍സാണ് കൗര്‍ നേടിയത്. ഇവര്‍ക്കു പുറമേ 35 റണ്‍സ് നേടിയ വേദ കൃഷ്ണമൂര്‍ത്തിയാണ് മികച്ച സംഭാവന നല്‍കിയ മറ്റൊരു താരം. നായിക മിതാലി രാജ് 17 റണ്‍സ് നേടി റണ്ണൗട്ടായി.

റൗത്തിന്റെ ഉള്‍പ്പടെ ആറു വിക്കറ്റുകള്‍ വീഴ്ത്തിയ ഷ്രൂബ്‌സോളാണ് ഇന്ത്യയെ തകര്‍ത്തത്. നേരത്തെ പേസര്‍ ജുലന്‍ ഗോസ്വാമിയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് കൂറ്റന്‍ സ്‌കോറിലെത്താതെ ഇംഗ്ലണ്ടിനെ തടഞ്ഞത്. ജുലന്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് ഇംഗ്ലീഷ് വിക്കറ്റുകള്‍ വീഴ്ത്തി. പൂനം യാദവ് 36 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. രാജേശ്വരി ഗെയ്ക്ക് വാദ് 49 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി.

അര്‍ധസെഞ്ചുറി നേടിയ നതാലി സ്‌കീവറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. നതാലി 68 പന്തില്‍ നിന്ന് 51 റണ്‍സ് നേടി. സാറാ ടെയ്‌ലര്‍ 62 പന്തില്‍ നിന്ന് 45 റണ്‍സ് സ്‌കോര്‍ ചെയ്തു. ഇംഗ്ലീഷ് നായിക ഹീതര്‍ നൈറ്റിനെ ഒരു റണ്‍സ് മാത്രം എടുക്കാന്‍ അനുവദിച്ച് പൂനം യാദവ് പുറത്താക്കിയത് കളിയില്‍ വഴിത്തിരിവായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.