1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2019

സ്വന്തം ലേഖകന്‍: എത്യോപ്യന്‍ വിമാന ദുരന്തം; ബോയിങിന്റെ 737 മാക്‌സ് 8 ജെറ്റ് വിമാനങ്ങള്‍ സംശയത്തിന്റെ നിഴലില്‍; വിമാനങ്ങള്‍ നിലത്തിറക്കി ചൈനയും എത്യോപ്യന്‍ എയര്‍ലൈന്‍സും. എത്യോപ്യന്‍ വിമാന ദുരന്തത്തിന് പിന്നാലെ അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിങിന്റെ 737 മാക്‌സ് 8 ജെറ്റ് വിമാനങ്ങള്‍ സംശയ നിഴലില്‍. 5 മാസത്തിനുള്ളില്‍ ഈ ശ്രേണിയില്‍പെട്ട രണ്ട് വിമാനങ്ങളാണ് തകര്‍ന്നുവീണത്.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിങ് 737 മാക്‌സ് 8 വിമാനങ്ങള്‍ സര്‍വീസിനായി ഉപയോഗിക്കുന്നത് ചില കമ്പനികള്‍ താല്‍കാലികമായി നിര്‍ത്തി. അപകടകാരണത്തെ കുറിച്ച് ബോയിങ് അധികൃതരും സമാന്തരമായി അന്വേഷിക്കുന്നുണ്ട്. ബോയിങിന്റെ താരതമ്യേന പുതിയ മോഡലായ 737 മാക്‌സ് 8 വിമാനങ്ങള്‍ 2017ലാണ് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് തുടങ്ങിയത്.

എത്യോപ്യന്‍ എയര്‍ലൈന്‍സ് വിപുലീകരണത്തിന്റെ ഭാഗമായി ആറ് 737 മാക്‌സ് 8 വിമാനങ്ങള്‍ വാങ്ങിയിരുന്നു. ഫെബ്രുവരി നാലിന് വിശദമായ പരിശോധനകളും അറ്റകുറ്റപ്പണികളും പൂര്‍ത്തിയായ വിമാനമാണ് കഴിഞ്ഞ ദിവസം തകര്‍ന്ന് വീണത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ഇന്തോനേഷ്യന്‍ വിമാനക്കമ്പനിയായ ലയണ്‍ എയറിന്റെ സമാന മോഡലിലുള്ള വിമാനവും തകര്‍ന്നു വീണിരുന്നു.

വിമാനത്തിന്റെ എന്‍ജിന്‍ പെട്ടെന്ന് പ്രവര്‍ത്തനം നിര്‍ത്താതിരിക്കാനായി വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഓട്ടോമാറ്റിക് സംവിധാനത്തിന്റെ തകരാറാണ് ലയണ്‍ എയര്‍ വിമാനം തകരാന്‍ കാരണമെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. എത്യോപ്യന്‍ എയര്‍ ലൈന്‍സിന്റെ വിമാനം പറന്നുയര്‍ന്ന് 6 മിനിറ്റിനകമാണ് തകര്‍ന്ന് വീണത്. വിമാനത്തിന്റെ തകരാര്‍ മനസിലാക്കിയ പൈലറ്റ് വിമാനം തിരിച്ചിറക്കുന്നതിനായി എയര്‍ ട്രാഫിക് കണ്‍ട്രോളിനെ ബന്ധപ്പെട്ടെങ്കിലും പിന്നീട് വിമാനവുമായുള്ള ആശയവിനിമയം വിഛേദിക്കപ്പെടുകയായിരുന്നു.

പരിചയ സമ്പത്തുള്ള പൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് എത്യോപ്യന്‍ എര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. അഞ്ച് മാസത്തിനുള്ളില്‍ നടന്ന രണ്ട് അപകടങ്ങളില്‍പെട്ടത് ഒരേ ശ്രേണിയിലെ പുതിയ വിമാനങ്ങള്‍ ആണെന്നത് അസാധാരണമാണെന്നാണ് ഈ രംഗത്തുള്ളവരുടെ അഭിപ്രായം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.