1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2016

സ്വന്തം ലേഖകന്‍: മാലിയിലെ പുരാതന നഗരം തകര്‍ത്ത മുന്‍ ജിഹാദി അന്താരാഷ്ട്ര കോടതിയില്‍ മാപ്പു പറഞ്ഞു. ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ ടിംബുക്ടു നഗരത്തിലെ ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കുന്നതില്‍ പങ്കാളിയായിരുന്ന അഹമ്മദ് അല്‍ ഫാകി അല്‍ മഹ്ദിയാണ് ഹേഗിലെ അന്തര്‍ദേശീയ കോടതിയില്‍ മാപ്പു പറഞ്ഞത്.

അതിപുരാതന നഗരമായ ടിംബുക്ടുവിന്റെ നിയന്ത്രണം പിടിച്ച അല്‍ക്വയ്ദയുടെയും അന്‍സാര്‍ ദിന്‍ ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളുടെയും സ്വാധീനത്തിനു വഴങ്ങിയാണ് താന്‍ ഈ അതിക്രമത്തിനു കൂട്ടുനിന്നതെന്ന് മഹ്ദി കോടതിയില്‍ പറഞ്ഞു.

യുനെസ്‌കോ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ടിംബുക്ടുവിലെ 16 പുരാതന ശവകുടീരങ്ങളില്‍ 14 എണ്ണം 2012ല്‍ തകര്‍ക്കുന്നതിനു നേതൃത്വം കൊടുത്തെന്നാണ് മഹ്ദിക്കെതിരേയുള്ള ആരോപണം. 14 ആം നൂറ്റാണ്ടില്‍ നിര്‍മിച്ച ശവകുടീരങ്ങളും മറ്റുമാണു തകര്‍ത്തത്.

2012ല്‍ മാലിയില്‍ അധികാരം കൈയാളിയ അന്‍സാര്‍ ദിന്‍ സംഘടനയിലെ അംഗമായിരുന്നു മഹ്ദി. ഒരു വര്‍ഷത്തിനുശേഷം ഫ്രഞ്ച് സൈന്യം അന്‍സാര്‍ ദിനിനെ തുരത്തി. മഹ്ദി അറസ്റ്റിലാവുകയും ചെയ്തു.

പിക്കാക്‌സും മറ്റും ഉപയോഗിച്ച് മഹ്ദിയുടെ നേതൃത്വത്തിലുള്ള മതപോലീസാണു ശവകുടീരങ്ങള്‍ തകര്‍ത്തത്. ഒരു പുരാതന മോസ്‌കിന്റെ കതകും തകര്‍ത്തു. സാംസ്‌കാരിക, ചരിത്ര പ്രാധാന്യമുള്ള സ്മാരകങ്ങള്‍ തകര്‍ത്തതു സംബന്ധിച്ച് അന്തര്‍ദേശീയ കോടതിയുടെ പരിഗണനയ്ക്കു വരുന്ന ആദ്യ കേസാണു മഹ്ദിയുടേത്.

സിറിയയിലെ മരുപ്പച്ച നഗരമായ പല്‍മീറയിലെ സ്മാരകങ്ങള്‍ ഐഎസ് തകര്‍ത്തതിനും അഫ്ഗാനിസ്ഥാനിലെ ബാമിയനിലെ ബുദ്ധപ്രതിമകള്‍ താലിബാന്‍ തകര്‍ത്തതിനും തുല്യമായ കുറ്റകൃത്യമാണു ടിംബുക്ടുവിലേതെന്ന് പ്രോസിക്യൂട്ടര്‍ ഫാത്തിമ ബന്‍സൗദ ചൂണ്ടിക്കാട്ടി. മെഹ്ദി കുറ്റസമ്മതം നടത്തിയെങ്കിലും കേസ് തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.