1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2018

സ്വന്തം ലേഖകന്‍: കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കിയും ബി.ജെ.പിയെ ആശങ്കയിലാക്കിയും അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; നിര്‍ണായകമാകുക ഭരണവിരുദ്ധ വികാരമെന്ന് സൂചന; രാജസ്ഥാനില്‍ കോണ്‍ഗ്രസിന് അനായാസ ജയമെന്ന് പ്രവചനം. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അനായാസം ജയിക്കുമെന്ന് മിക്ക സര്‍വ്വെകളും പ്രവചിച്ചപ്പോള്‍ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും പോരാട്ടം ഇഞ്ചോടിഞ്ചാണെന്നാണ് പ്രവചനം. തെലങ്കാന ടി.ആര്‍.എസിനൊപ്പം നില്‍ക്കുമെന്നും മിസോറാമില്‍ കോണ്‍ഗ്രസിന് ഭരണതുടര്‍ച്ചയുണ്ടാകില്ലെന്നും സര്‍വ്വെകള്‍ പറയുന്നു.

15 വര്‍ഷത്തെ തുടര്‍ ഭരണം നിലനിര്‍ത്താന്‍ മധ്യപ്രദേശില്‍ ബി.ജെ.പി പാടുപെടും എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. ആകെ 9 സര്‍വ്വെ ഫലങ്ങള്‍. ഇതില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് തീര്‍ത്ത് പറയുന്നത് എ.ബി.പി ന്യൂസ് സി.എസ്.ഡി.എസ് സര്‍വ്വെയും ബി.ജെ.പി ജയിക്കുമെന്ന് ഉറപ്പിച്ച് പറയുന്നത് ടൈംസ്‌നൌ സി.എന്‍.എസ് സര്‍വ്വെയും മാത്രം. മൂന്ന് സര്‍വ്വെകള്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരുപോലെ സാധ്യത കല്‍പിക്കുന്നു. 166 സീറ്റ് എന്ന കേവല ഭൂരിപക്ഷം ആരും നേടില്ലെന്നും തൂക്കുസഭയായിരിക്കുമെന്നും ന്യൂസ് നേഷന്‍ അടക്കമുള്ള മൂന്ന് സര്‍വ്വെകള്‍ പറയുന്നു.

മധ്യപ്രദേശിന് സമാനമായി 15 കൊല്ലമായി ബി.ജെ.പി ഭരിക്കുന്ന ഛത്തിസ്ഗഢിലും ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുകയാണ് എക്‌സിറ്റ് പോളുകള്‍. ആകെയുള്ള ഒന്‍പത് സര്‍വ്വെകളില്‍ ബി.ജെ.പിക്ക് വിജയം പ്രവചിച്ചത് നാലെണ്ണം. കോണ്‍ഗ്രസിനൊപ്പമുള്ളത് നാല് ഫലങ്ങള്‍. ന്യൂസ് നേഷന്‍ അടക്കം രണ്ട് സര്‍വ്വെകള്‍ ഇവിടെയും തൂക്കുസഭ പ്രവചിക്കുന്നു.

രാജസ്ഥാനിലെ ഭരണ വിരുദ്ധ വികാരം ശരിവെക്കുന്നതാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 10 സര്‍വ്വെകളില്‍ ഒന്‍പതും കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷത്തോടെ വിജയം പ്രവചിച്ചു. 199ല്‍ 141 സീറ്റ് വരെ കോണ്‍ഗ്രസിന് കിട്ടുമെന്ന് ഇന്ത്യാ ടുഡെ ആക്‌സിസ് സര്‍വ്വെ. സംസ്ഥാനത്ത് കോണ്‍ഗ്രസിനൊപ്പം ബി.ജെ.പിക്കും സാധ്യത കല്‍പിച്ചത് റിപ്പബ്ലിക്ക് ജന്‍ കി ബാത്ത് മാത്രം.

തെലങ്കാന ടി.ആര്‍.എസ്സിന് ഒപ്പമാണെന്നാണ് മിക്ക സര്‍വ്വെകളും പറയുന്നത്. ഏഴില്‍ ആറ് സര്‍വ്വെകളും ടി.ആര്‍.എസ് അധികാരത്തിലെത്തുമെന്ന് പ്രവചിക്കുമ്പോള്‍ ന്യൂസ് എക്‌സ് മാത്രം തൂക്കുസഭ പ്രവചിക്കുന്നു. മിസോറാമില്‍ രണ്ട് സര്‍വ്വെ ഫലങ്ങളും തൂക്കുസഭയാണ് പ്രവചിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.