1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ നിർണായക ചുവടുവെപ്പിനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. തപാൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ പ്രവാസി ഇന്ത്യക്കാരെ അനുവദിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടി.

ഏറെക്കാലമായി ചർച്ച ചെയ്യുന്ന വിഷയത്തിൽ ഒരു സുപ്രധാന തീരുമാനത്തിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പോകുന്നതെന്നത് ശ്രദ്ധേയമാണ്. 2014 മുതൽ സുപ്രീംകോടതിയിലുൾപ്പെടെ ഇതുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നുണ്ട്. പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യുന്നതിനായുള്ള ഒരു ബിൽ നേരത്തെ പാർലമെന്റിൽ ചർച്ച ചെയ്തിരുന്നു.

കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷ​െൻറ ശിപാർശ അംഗീകരിച്ചാൽ വർഷങ്ങളുടെ കാത്തിരിപ്പാണ്​ സഫലമാകുന്നത്​. തങ്ങളും അംഗീകരിക്കപ്പെടുന്നുവെന്ന ആശ്വാസമാണ്​ പ്രവാസികൾക്ക്​ ഇതുവഴി ലഭിക്കുന്നത്​. പ്രവാസികൾക്ക്​ പ്രോക്​സി വോട്ടിന്​ പകരം ഇലക്​ട്രോണിക്​ തപാൽ വോട്ട്​ നടപ്പാക്കാനുള്ള ശിപാർശയാണ്​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ നിയമ മന്ത്രാലയത്തിന്​ മുന്നിൽ സമർപ്പിച്ചത്​.

കേരളം, തമിഴ്​നാട്​, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്​ഥാനങ്ങളിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ പ്രവാസികൾക്ക്​ ഇലക്​ട്രോണിക്​ തപാൽ വോട്ട്​ ഏർപ്പെടുത്താൻ ഒരുക്കമാണെന്നും തെരഞ്ഞെടുപ്പ്​ കമീഷൻ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. അന്തിമ തീരുമാനം എടുക്കേണ്ടത്​ കേന്ദ്രമാണെങ്കിലും അനുകൂല നിലപാട്​ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്​ പ്രവാസികൾ. തെരഞ്ഞെടുപ്പ്​ കാലത്ത്​ നാട്ടിൽ പോയി വോട്ട്​ ചെയ്യുന്നതിന്​ പ്രയാസം ഏറെയാണ്​.

പലപ്പോഴും സംഘടനകൾ പ്രത്യേക വിമാനം ഏർപ്പെടുത്തിയാണ്​ പ്രവാസികളെ നാട്ടിലെത്തിക്കുന്നത്​. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ്​ എത്തിയപ്പോൾ കോവിഡ്​ വില്ലനായി. അതിനാൽ, വോട്ടുവിമാനങ്ങൾ പറന്നില്ല. ഇൗ സാഹചര്യത്തിലാണ്​ ഇലക്​ട്രോണിക്​ തപാൽ വോട്ടിനെ പ്രവാസികൾ പ്രതീക്ഷയോടെ കാണുന്നത്​. പ്രവാസികൾക്ക്​ വോട്ട്​ ചെയ്യാൻ അവസരം ലഭിക്കുന്നതോടെ​ നാട്ടിലെ രാഷ്​ട്രീയ പാർട്ടികളും നേതാക്കളും തങ്ങളുടെ ആവശ്യങ്ങൾക്ക്​ പരിഗണന നൽകാൻ തയാറാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസ ലോകം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.