1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2016

സ്വന്തം ലേഖകന്‍: ഗുരുതരമായ പിഴവ് കണ്ടെത്തിയ മലയാളിക്ക് ഫേസ്ബുക്കിന്റെ സമ്മാനം 10 ലക്ഷം രൂപ. ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ മായ്ക്കാനോ തെറ്റായ വിവരങ്ങള്‍ പോസ്റ്റ് ചെയ്യാനോ കഴിയുമെന്ന് തെളിയിച്ച മുണ്ടക്കല്‍ ശിവവിലാസത്തില്‍ അരുണാണ് ഫേസ്ബുക്കിന്റെ 10.70 ലക്ഷം രൂപ സമ്മാനം. ചാത്തന്നൂര്‍ എം.ഇ.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റിലെ നാലാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് അരുണ്‍.

ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച സന്ദേശം അരുണിന് ലഭിച്ചത്. ‘നിങ്ങളുടെ സേവനത്തിന് ഫേസ്ബുക്കിന്റെ പാരിതോഷികമായി 16,000 ഡോളര്‍ അനുവദിച്ചിരിക്കുന്നു’ എന്ന് ഫേസ്ബുക് സീനിയര്‍ സെക്യൂരിറ്റി എന്‍ജിനീയര്‍ നീല്‍പൂളിന്റെ ഇമെയിലില്‍ പറയുന്നു.

ഫേസ്ബുക് പേജില്‍ നുഴഞ്ഞുകയറി ഡാറ്റാബേസും റെക്കോഡുകളും മാറ്റിമറിക്കാനും ഇല്ലാതാക്കാനും കഴിയുമെന്ന് കണ്ടത്തെി അരുണ്‍ റിപ്പോര്‍ട്ട് ചെയ്തത് ആഗസ്റ്റ് 29നാണ്. അരുണിന്റെ കണ്ടെത്തല്‍ അംഗീകരിച്ച സെക്യൂരിറ്റി ടീം രണ്ടു മണിക്കൂറിനുള്ളില്‍ ന്യൂനത പരിഹരിച്ചു. നേരത്തെ ഫേസ്ബുക്കിന്റെ നിലനില്‍പിനുതന്നെ ഭീഷണിയാകാവുന്ന രണ്ട് സുപ്രധാന പിഴവുകള്‍ കണ്ടത്തെിയതിന് അരുണിനെ ലാസ്വെഗാസിലേക്ക് കഴിഞ്ഞ ആഗസ്റ്റില്‍ ക്ഷണിച്ചുവരുത്തി ആദരിച്ചിരുന്നു. അമേരിക്ക സന്ദര്‍ശിക്കാന്‍ പത്തു വര്‍ഷത്തെ വിസയും നല്‍കി.

അരുണ്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള നാല് വൈറ്റ്ഹാറ്റ് ഹാക്കര്‍മാരെയാണ് ഫേസ്ബുക് ക്ഷണിച്ചു വരുത്തിയത്. രണ്ടു മണിക്കൂര്‍ കൂടിക്കാഴ്ചയില്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫേസ്ബുക് സെക്യൂരിറ്റി ടീം ചോദിച്ചറിയുകയും ചെയ്തു.

ഗൂഗിളിലേയും ഫേസ്ബുക്കിലെയും സാങ്കേതിക പാളിച്ചകള്‍ സദുദ്ദേശത്തോടെ കണ്ടത്തെി റിപ്പോര്‍ട്ട് ചെയ്യുന്ന വൈറ്റ്ഹാറ്റ് ഹാക്കര്‍മാരുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ പത്താം പേരുകാരനാണ് അരുണ്‍. ഇരുന്നൂറോളം പേരുടെ പട്ടികയിലെ ഏക മലയാളിയും അരുണ്‍ തന്നെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.