1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2015

സ്വന്തം ലേഖകന്‍: പാകിസ്ഥാനില്‍ നിന്ന് കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 1,200 കോടിയുടെ കള്ളനോട്ട് ഇന്ത്യയില്‍ എത്തിയതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഇതില്‍ 110.59 കോടിയുടെ കള്ളനോട്ടുകള്‍ പിടികൂടി. ആറു വിദേശരാജ്യങ്ങള്‍ വഴി കടത്താന്‍ ശ്രമിച്ച 19.82 കോടിയുടെ കള്ളനോട്ടുകള്‍ അതതു രാജ്യങ്ങളില്‍ വച്ച് പിടികൂടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ നവംബര്‍ മൂന്നിന് എന്‍ഐഎയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തില്‍ റിസര്‍വ് ബാങ്ക്, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, റോ, നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ, സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ, സിബിഐ, മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കാളികളായി.

കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ ലഷ്‌കറെ തോയ്ബ നേതാവ് അബ്ദുള്‍ കരീം തുണ്ടയില്‍നിന്നു പിടിച്ചെടുത്ത ലാപ്‌ടോപിലെ സൂചനകള്‍ പ്രകാരം, ഇന്ത്യയിലേക്കു കള്ളനോട്ട് കടത്തുന്നതില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെയും അധോലോകത്തലവന്‍ ദാവൂദ് ഇബ്രാഹിമിന്റേയും പങ്ക് വ്യക്തമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദാവൂദിന്റെ അനുയായിയായ മാലിക് ഭായ് എന്ന ഇക്ബാല്‍ ഖാനയാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലും ലാഹോറിലെ ഷാലിമാര്‍ ഗെയ്റ്റിലും നടത്തുന്ന ടെക്‌സ്‌റ്റൈല്‍സ് ബിസിനസിന്റെ മറവിലാണ് കള്ളനോട്ട് ശൃംഖലയുടെ പ്രവര്‍ത്തനം.

ബംഗ്ലാദേശില്‍നിന്നും പാക് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന സംസ്ഥാനങ്ങളില്‍നിന്നുമുള്ള ആയിരക്കണക്കിനു തൊഴിലാളികള്‍ കള്ളനോട്ട് വാഹകരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.