1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2018

സ്വന്തം ലേഖകന്‍: ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കിയ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം നാട്ടിലെത്തിക്കും; വൈദികന്റെ ദുരൂഹമരണത്തില്‍ ഭീതിയോടെ സിസ്റ്റര്‍മാരുടെ കുടുംബങ്ങള്‍. ജലന്ധറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വൈദികന്‍ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗമാണ് മൃതദേഹമെത്തിക്കുന്നത്.

വൈകീട്ട് 5.30ന് നെടുമ്പാശ്ശേരിയിലും തുടര്‍ന്ന് പള്ളിപ്പുറം ശാന്തികവലയിലെ കുടുംബവീട്ടിലും എത്തിക്കും. 25ന് രണ്ടുമണിക്ക് പള്ളിപ്പുറം സെയ്ന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലാണ് ശവസംസ്‌കാരം. എറണാകുളം അങ്കമാലി അതിരൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവര്‍ കാര്‍മികരാകും. 22ന് രാവിലെയാണ് വൈദികനെ ജലന്ധറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

ഭോഗ്പുരിലെ പള്ളിയിലെ സ്വന്തം മുറിയില്‍ മരിച്ച നിലയിലാണ് ഫാ. കുര്യാക്കോസിനെ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഒരുവിഭാഗം വൈദികരും ബന്ധുക്കളും ആരോപിച്ചിട്ടുണ്ട്. ഫാ. കുര്യാക്കോസ് കാട്ടുതറയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ രൂപതയുടെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു.

ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ഫാ. കുര്യാക്കോസ് സഹായങ്ങള്‍ നല്‍കുകയും ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തിരുന്നു. ബിഷപ്പിനെതിരെ അദ്ദേഹം മൊഴി നല്‍കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് ഗുണ്ടകളുടെ ഭീഷണിയുണ്ടായിരുന്നെന്നും താമസസ്ഥലത്തിനു നേരെ കല്ലെറിയുകയും വാഹനം തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.

ഫാ.കുര്യാക്കോസ് കാട്ടുതറ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞതോടെ, മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിലപാടെടുത്ത ചേര്‍ത്തല സ്വദേശികളായ സിസ്റ്റര്‍മാര്‍ അനുപമയുടെയും ആനി റോസിന്റെയും കുടുംബാംഗങ്ങള്‍ ഭീതിയിലാണ്. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ഇരുവരും നേരത്തേതന്നെ ബന്ധുക്കളോടും പൊതു സമൂഹത്തോടും വെളിപ്പെടുത്തിയിരുന്നു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.