1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2017

സ്വന്തം ലേഖകന്‍: കേരളത്തിലും സ്ത്രീകളുടെ ചേലാകര്‍മ്മം അഥവാ പെണ്‍സുന്നത്ത് വ്യാപകമാകുന്നു, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. കേരളത്തിലെ ചില ഇസ്ലാമിക വിഭാഗങ്ങള്‍ക്കിടയില്‍ ഈ പതിവ് അടുത്തിടെയായി വ്യാപകമായെന്ന് സ്ത്രീകളുടെ ചേലാ കര്‍മ്മത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സഹിയോ എന്ന സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്.

സംഘടന കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ രഹസ്യാന്വേഷണത്തില്‍ സ്ത്രീകള്‍ക്ക് ചേലാകര്‍മ്മം ചെയ്യുന്ന ചില ക്ലിനിക്കുകള്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവിടെ ചേലാകര്‍മ്മം ചെയ്യാറുണ്ടെന്ന് ഡോക്ടര്‍മാര്‍ സഹിയോയ്ക്ക് വേണ്ടി പഠനം നടത്തിയവരോട് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ മറ്റ് ജില്ലകളില്‍ നിന്നുള്‍പ്പെടെ സ്ത്രീകള്‍ വന്ന് ചേലാകര്‍മ്മം നിര്‍വഹിച്ച് മടങ്ങാറുണ്ടെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.

പെണ്‍മക്കളേയും മരുമക്കളേയും കൊണ്ട് സ്ത്രീകള്‍ തന്നെയാണ് ക്ലിനിക്കില്‍ വരുന്നത്. പെണ്‍സുന്നത്ത് വിവാഹജീവിതം കൂടുതല്‍ സന്തോഷകരമാക്കും എന്നാണ് ഇത് ചെയ്യുന്നവരുടെ അവകാശവാദം. ചില ഭര്‍ത്താക്കന്‍മാരും ഭാര്യമാരെ ഇതിന് പ്രേരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സൗദി, ഈജിപ്റ്റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇത് സര്‍വസാധാരണമാണെന്നും ഇതില്‍ യാതൊരു അപകടവുമില്ലെന്നും ചേലാകര്‍മ്മത്തെ അനുകൂലിക്കുന്നവര്‍ അവകാശപ്പെടുന്നു.

സ്ത്രീ ചേലാകര്‍മ്മം ചെയ്യാനുള്ള ഇടപാടുകാര്‍ എന്ന വ്യാജേനയാണ് സഹിയോ പ്രവര്‍ത്തകര്‍ ഇത്തരം ക്ലിനിക്കുകളെ സമീപിച്ചത്. ഭര്‍തൃവീട്ടുകാര്‍ ചേലാകര്‍മ്മത്തിന് നിര്‍ബന്ധിക്കുന്നുവെന്നും ഇവിടെ അത് ചെയ്യുമോ എന്ന് ഡോക്ടറോട് ചോദിച്ച യുവതിയോട് ഇവിടെ ഇഷ്ടം പോലെ ചെയ്യാറുണ്ടെന്നായിരുന്നു ഡോക്ടറുടെ മറുപടി. തുടര്‍ന്ന് ചേലാകര്‍മ്മം ലൈംഗിക സുഖം വര്‍ദ്ധിപ്പിക്കുന്നതും വിവാഹജീവിതത്തിന് ഒഴിച്ചു കൂടാത്തതുമാണെന്നും അവര്‍ പറഞ്ഞു.

തങ്ങളുടെ അടുത്ത് വിവാഹപൂര്‍വ കൗണ്‍സിലിംഗിന് വരുന്നവരോട് ചോലകര്‍മ്മം നിര്‍ദ്ദേശിക്കാറുണ്ടെന്ന് ഈ ഡോക്ടര്‍ വെളിപ്പെടുത്തി. കേരളത്തിലെ എല്ലാ വിഭാഗം മുസ്ലീങ്ങള്‍ക്കുമിടയില്‍ ഇത് പ്രചാരം നേടിയിട്ടുണ്ടെന്നും ആളുകള്‍ അന്വേഷിച്ചു വരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ചെറിയ കുട്ടികള്‍ക്ക് പുരുഷ ഡോക്ടര്‍മാരും മുതിര്‍ന്ന സ്ത്രീകള്‍ക്ക് വനിതാ ഡോക്ടര്‍മാരുമാണ് ചേലാകര്‍മ്മം ചെയ്യുന്നത്. മുറിവ് ഉണങ്ങാന്‍ അഞ്ച് മുതല്‍ ആറ് ദിവസം വരെ എടുക്കും.

കുട്ടിയായിരിക്കുമ്പോള്‍ ചേലാകര്‍മ്മം ചെയ്യുന്നതാണ് അഭികാമ്യം. ചില സ്ത്രീകള്‍ പ്രസവ ശസ്ത്രക്രിയയുടെ കൂടെയും ഇത് ചെയ്യാറുണ്ട്. മുസ്ലീം സ്ത്രീകള്‍ക്ക് ഇത് നിര്‍ബന്ധമാണോ എന്ന് ചോദിച്ചപ്പോള്‍, നിര്‍ബന്ധമല്ല. പക്ഷേ ഭര്‍ത്താവും അമ്മായിഅമ്മയും നിര്‍ബന്ധിച്ചാല്‍ ചെയ്‌തേ തീരൂ. നിങ്ങള്‍ക്ക് അത് നിര്‍ബന്ധം തന്നെയാണെന്നുമായിരുന്നു സഹിയോ പ്രതിനിധികളോട് ക്ലിനിക്കിലെ ഡോക്ടര്‍മാരുടെ മറുപടിയെന്ന് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.