1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2019

സ്വന്തം ലേഖകന്‍: യുഎസ് ഭരണസ്തംഭനം; ട്രംപിന്റെ നയപ്രഖ്യാപന പ്രസംഗം മാറ്റിവക്കണമെന്ന് സ്പീക്കര്‍ പെലോസി; 24 മണിക്കൂറിനകം പെലോസിയുടേയും സംഘത്തിന്റേയും അഫ്ഗാന്‍ യാത്ര തടഞ്ഞ് ട്രംപ്; പെലോസിയുടെ ‘വിനോദയാത്ര’യ്ക്ക് സൈനിക വിമാനം അനുവദിക്കാനാവില്ലെന്നും പ്രഖ്യാപനം. സ്പീക്കര്‍ നാന്‍സി പെലോസിയുടെ നേതൃത്വത്തിലുള്ള യുഎസ് കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന്റെ ഔദ്യോഗിക വിദേശപര്യടനം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാറ്റിവച്ചു.

ഭരണസ്തംഭനം മൂലം 8 ലക്ഷത്തോളം ഫെഡറല്‍ ജീവനക്കാര്‍ ശമ്പളം കിട്ടാതെ വലയുമ്പോള്‍, 29 നു നടത്തേണ്ട പ്രസിഡന്റിന്റെ നയപ്രഖ്യാപന പ്രസംഗം മാറ്റിവച്ചുകൂടേയെന്നു സ്പീക്കര്‍ ആരാഞ്ഞ് 24 മണിക്കൂറിനകമാണ് ട്രംപിന്റെ തിരിച്ചടി. ട്രഷറി സ്തംഭനം നേരിടുന്നതിനാല്‍ പെലോസിയുടെ ‘വിനോദയാത്ര’യ്ക്ക് സൈനിക വിമാനം അനുവദിക്കാനാവില്ലെന്ന് ട്രംപ് പരിഹാസരൂപേണ കത്തില്‍ അറിയിച്ചു. പെലോസിക്കു വേണമെങ്കില്‍ സ്വന്തം ചെലവില്‍ യാത്രാവിമാനത്തില്‍ പോകാം.

ദാവേസില്‍ നടക്കുന്ന ലോകസാമ്പത്തിക ഫോറം ഉച്ചകോടിയില്‍ യുഎസ് പ്രതിനിധിസംഘം പങ്കെടുക്കേണ്ടതില്ലെന്നും പ്രസിഡന്റ് തീരുമാനിച്ചു. താന്‍ പോകുന്നില്ലെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 21 മുതല്‍ 5 ദിവസമാണു സാമ്പത്തിക ഫോറം. മെക്‌സിക്കന്‍ അതിര്‍ത്തി മതിലിനു പണം അനുവദിക്കണമെന്ന പ്രസിഡന്റിന്റെ ആവശ്യം ഡെമോക്രാറ്റ് അംഗങ്ങള്‍ നിരാകരിച്ചതിനെ തുടര്‍ന്ന് ബജറ്റ് പാസ്സാക്കാത്തതുമൂലം യുഎസില്‍ ഭരണസ്തംഭനം തുടരുകയാണ്.

ഇതിനിടെയാണ് പെലോസിയും സംഘവും അഫ്ഗാനിസ്ഥാനില്‍ പോയി സൈനികരെ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടത്. ഭരണപ്രതിസന്ധി ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ക്കായി സ്പീക്കര്‍ വാഷിങ്ടനില്‍തന്നെ കാണണമെന്നാണു പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. 27 ദിവസം പിന്നിട്ട ട്രഷറി സ്തംഭനം കാലദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ റിക്കാര്‍ഡ് ഇട്ടിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.