1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2017

സ്വന്തം ലേഖകന്‍: പദ്മാവതി വിവാദം കത്തിപ്പടരുമ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ച് ചിത്രത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ സിനിമാ ലോകം. ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കും പദ്മാവതി സിനിമയ്ക്കും എതിരെയുള്ള നീക്കങ്ങളില്‍ പ്രതിഷേധിച്ച് ഞായറാഴ്ച 15 മിനിറ്റു നേരം പൂര്‍ണമായും ചലച്ചിത്ര നിര്‍മാണത്തില്‍ നിന്നു വിട്ടുനില്‍ക്കാനാണു തീരുമാനം. രാജ്യവ്യാപകമായുള്ള പ്രതിഷേധത്തില്‍ ചലച്ചിത്ര–ടിവി മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന എല്ലാ വിഭാഗക്കാരും പങ്കെടുക്കും.

ഇന്ത്യന്‍ ഫിലിംസ് ആന്‍ഡ് ടിവി ഡയറക്ടേഴ്‌സ് അസോസിയേഷനും രാജ്യത്തെ 19 മറ്റു സംഘടനകളും പ്രതിഷേധത്തോടു സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റത്തെ ചെറുക്കുകയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യമെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, വെസ്റ്റേണ്‍ ഇന്ത്യ സിനിമാറ്റോഗ്രാഫേഴ്‌സ് അസോസിയേഷന്‍, സ്‌ക്രീന്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍, ദ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, അസോസിയേഷന്‍ ഓഫ് വോയിസ് ആര്‍ടിസ്റ്റ്‌സ്, സിനി കോസ്റ്റ്യൂം ആന്‍ഡ് മെയ്ക് അപ് ആര്‍ടിസ്റ്റ് ആന്‍ഡ് ഹെയര്‍ ഡ്രസേഴ്‌സ് അസോസിയേഷന്‍, സിനി സിംഗര്‍ അസോസിയേഷന്‍, മൂവി സ്റ്റണ്ട് ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍ തുടങ്ങിയവയും പ്രതിഷേധത്തില്‍ പങ്കു ചേരും.

‘ഞാന്‍ യഥാര്‍ഥത്തില്‍ സ്വതന്ത്രനാണോ?’ എന്നു പേരിട്ട പ്രതിഷേധ സംഗമം ഞായറാഴ്ച മുംബൈ ഫിലിം സിറ്റിയില്‍ നടക്കും. വൈകിട്ട് 3.30നാണ് പ്രതിഷേധയോഗം. 2011ലെ മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷികളായവരെ അനുസ്മരിച്ചാണ് യോഗം ആരംഭിക്കുക. തുടര്‍ന്ന് 4.15 മുതല്‍ 4.30 വരെ രാജ്യവ്യാപകമായി ചലച്ചിത്ര പ്രവര്‍ത്തകര്‍ എല്ലാ ജോലികളും നിര്‍ത്തിവയ്ക്കും. യഥാര്‍ഥത്തില്‍ തങ്ങള്‍ ഒരു ജനാധിപത്യ രാജ്യത്തിലാണോ ജീവിക്കുന്നത് എന്ന സംശയമാണ് ഭരണാധികാരികള്‍ക്കു മുന്നില്‍ പ്രതിഷേധത്തിലൂടെ ഉന്നയിക്കുന്നതെന്ന് സംവിധായകന്‍ അശോക് പണ്ഡിറ്റ് പറഞ്ഞു.

അതിനിടെ, ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ഒരു സമിതിയെ നിയമിക്കണം എന്നാവശ്യപ്പെടുന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. പദ്മാവതിയുടെ റിലീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. അതേസമയം ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ ഭീഷണീ. ഡിസംബര്‍ ഒന്നിന് റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം വൈകുന്നതിനാല്‍ റിലീസിങ് തീയതി നിര്‍മാതാക്കള്‍ നീട്ടി വച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.