1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2016

സ്വന്തം ലേഖകന്‍: ലോകത്തില്‍ ആദ്യമായി മുഖം മാറ്റിവച്ച ഫ്രഞ്ചുകാരി അന്തരിച്ചു. ലോകത്ത് ആദ്യമായി മുഖം മാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ ഫ്രഞ്ച് വനിത ഇസബെല്ലെ ഡൈനോയര്‍(49) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിലിലായിരുന്ന അന്ത്യമെങ്കിലും കുടുംബത്തിന്റെ സ്വകാര്യതയെ മാനിച്ചാണ് വിവരം പുറത്തു വിടാതിരുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

2005 നവംബര്‍ 27 നാണ് വൈദ്യശാസ്ത്ര ചരിത്രത്തിലെ ആദ്യ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. വളര്‍ത്തു നായയുടെ കടിയേറ്റ് മുഖം വികൃതമായ ഇസബെല്ലയ്ക്ക്, മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ മൂക്കും കവിളും ചുണ്ടും പ്ലാസ്റ്റിക് സര്‍ജറിയിലൂടെ തുന്നിച്ചേര്‍ക്കുകയായിരുന്നു. മൂന്നു മാസങ്ങള്‍ക്ക് ശേഷം 2006 ഫെബ്രുവരിയില്‍ ഇസബെല്ല മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുതിയ മുഖവുമായി പ്രത്യക്ഷപ്പെട്ടതോടെ അവര്‍ ചരിത്രമാകുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞവര്‍ഷം ഇസബെല്ലെയുടെ ശരീരം ദാതാവിന്റെ ശരീര കോശങ്ങളെ തിരസ്‌കരിച്ചു. ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച അവയവങ്ങളോട് ശരീരം പ്രതികരിക്കാതിരുന്നതോടെ ഇസബെല്ല അമിതമായി മരുന്നുകളെ ആശ്രയിക്കുകയായിരുന്നു. മരുന്നുകളുടെ അമിത ഉപയോഗം ഇസബെലിനെ ക്യാന്‍സര്‍ രോഗത്തിലേക്ക് നയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഇസബെല്ലയുടെ ശസ്ത്രക്രിയയുടെ വിജയത്തിനു ശേഷം അമേരിക്ക, സ്‌പെയിന്‍, ചൈന, ബെല്‍ജിയം, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ ഭാഗികമായോ പൂര്‍ണമായോ മുഖം മാറ്റിവക്കല്‍ ശസ്ത്രക്രിയ നടന്നു. 2010 ല്‍ സ്പാനിഷ് സംഘത്തിന്റെ നേതൃത്വത്തില്‍ ആദ്യത്തെ സമ്പൂര്‍ണ മുഖം മാറ്റിവക്കലും നടത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.