1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2016

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വ്യോമസേനക്ക് ഇനി വനിതാ പൈലറ്റുമാരും, ചരിത്രം കുറിച്ച മൂന്ന് പെണ്‍കുട്ടികള്‍. ഭാവനാ കാന്ത്, അവാനി ചതുര്‍വേദി, മോഹനാസിംഗ് എന്നിവരാണ് ഇന്ത്യയില്‍ യുദ്ധവിമാനം പറപ്പിച്ച ആദ്യ വനിതാ പൈലറ്റുകള്‍ എന്ന പദവി സ്വന്തമാക്കിയത്. ശനിയാഴ്ച പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് ഡണ്ഡീഗലിലെ വ്യോമസേനാ അക്കാദമിയിലെ ഗ്രാജ്വേഷന്‍ പരേഡില്‍ ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റുമാരായി ഇവരെ അവതരിപ്പിച്ചത്.

മദ്ധ്യപ്രദേശുകാരിയാണ് അവാനി ചതുര്‍വേദി, മോഹനാസിംഗ് രാജസ്ഥാന്‍കാരി, ഭാവനാകാന്ത് ബീഹാറിയാണ്. ബീഹാറിലെ ദര്‍ഭംഗ ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നുമാണ് 24 കാരി ഭാവനാകാന്ത് വരുന്നത്. കോട്ടയിലെ വിദ്യാ മന്ദിറില്‍ സെക്കണ്ടറി പഠനം പൂര്‍ത്തിയാക്കിയ ശേഷം ബിഎംഎസ് എഞ്ചിനീയറിംഗും മെഡിക്കല്‍ ഇലക്‌ട്രോണിക്‌സില്‍ ബിടെക്കും കഴിഞ്ഞായിരുന്നു ഭാവന എയര്‍ഫോഴ്‌സ് സര്‍വീസ് കമ്മീഷനില്‍ ചേര്‍ന്നത്.

മദ്ധ്യപ്രദേശിലെ സാത്‌നാ ജില്ലയില്‍ നിന്നാണ് അവാനിയുടെ വരവ്. രേവയ്ക്ക് സമീപമുള്ള ചെറുപട്ടണമായ ഡിയോലന്റില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ജെയ്പൂരിലെ ബനസ്ഥാലി സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിടെക് എടുത്ത ശേഷമാണ് ഐഎഎഫില്‍ അവാനി ഭാഗമായത്. മദ്ധ്യപ്രദേശ് സര്‍ക്കാരിലെ എക്‌സിക്യുട്ടീവ് എഞ്ചിനീയറായ പിതാവിനും വീട്ടമ്മയായ മാതാവിനും പിറന്ന അവാനിയുടെ ബാല്യകാല സ്വപ്‌നമായിരുന്നു യുദ്ധവിമാനത്തിന്റെ പൈലറ്റ് ആകുക എന്നത്.

രാജസ്ഥാനിലെ ജൂണ്‍ജൂണ്‍ സ്വദേശിയായ മോഹനയുടെ പിതാവും വ്യോമസേനയില്‍ ആയിരുന്നു. മാതാവ് അദ്ധ്യാപികയും. എയര്‍ഫോഴ്‌സ് സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അമൃത്സറില്‍ നിന്നും ഇലക്‌ട്രോണിക്‌സില്‍ ബിടെക് ബിരുദം നേടുകയും ചെയത മോഹനയുടെ മുത്തച്ഛനും പ്രതിരോധ സേനയിലായിരുന്നു. മുത്തച്ഛന്റേയും അച്ഛന്റെയും പാരമ്പര്യമാണ് മോഹനയും നിലനിര്‍ത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.