1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2018

സ്വന്തം ലേഖകന്‍: ഫ്‌ലോറന്‍സ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഹാപ്രളയത്തില്‍ മുങ്ങി യുഎസിലെ കാരലൈന മേഖല; വ്യാപക നാശനഷ്ടം. പേമാരിയില്‍ യുഎസ് സംസ്ഥാനങ്ങളായ നോര്‍ത്ത്, സൗത്ത് കാരലൈന മേഖലകളില്‍ നദികള്‍ കരകവിഞ്ഞതോടെ തീരമേഖലകളിലെ പട്ടണങ്ങള്‍ മുങ്ങി. വ്യാപകമായി മരങ്ങള്‍ കടപുഴകി. അഞ്ചുലക്ഷത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങിയിരിക്കുകയാണ്.

ഒരു കൈക്കുഞ്ഞ് അടക്കം അഞ്ചു പേര്‍ ഇതുവരെ മരിച്ചു. കനത്ത മഴ വ്യാപക നാശമുണ്ടാക്കിയെങ്കിലും ചുഴലിക്കാറ്റ് ഇന്നലെയോടെ ദുര്‍ബലമായി തീരമേഖല കടന്നതായാണ് കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പ്.
നോര്‍ത്ത് കാരലൈനയില്‍ 4200 വീടുകള്‍ നശിച്ചു. 157 ക്യാംപുകളിലായി 21,000 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

പ്രളയത്തില്‍ കുടുങ്ങിയ നൂറുകണക്കിനാളുകളെ മോചിപ്പിച്ചു. വൈദ്യുതക്കമ്പികള്‍ വ്യാപകമായി പൊട്ടിവീണതോടെ, പുറത്തിറങ്ങി നടക്കരുതെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച യുഎസ് തീരത്തേക്ക് അടുക്കുമ്പോള്‍ അതീവ അപകടസാധ്യത സൂചിപ്പിക്കുന്ന കാറ്റഗറി 4ല്‍ ആയിരുന്ന ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ് ക്രമേണ ശക്തി കുറഞ്ഞ് കാറ്റഗറി 1ലേക്കു മാറുകയായിരുന്നു.

കാരലൈന, വെര്‍ജീനിയ എന്നിവിടങ്ങളില്‍ 17 ലക്ഷത്തോളം പേരെ കനത്ത മഴ മൂലമുള്ള വെള്ളപ്പൊക്കം ദുരിതത്തിലാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. കാറ്റ് ശമിച്ചെങ്കിലും അതീവ ജാഗ്രത തുടരണമെന്നും അധികൃതര്‍ അറിയിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.