1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2018

സ്വന്തം ലേഖകന്‍: സമ്പന്ന താരങ്ങളുടെ പട്ടികയില്‍ ഇടംനേടി മമ്മൂട്ടിയും നയന്‍താരയും; സല്‍മാന്‍ ഖാന്‍ ഒന്നാം സ്ഥാനത്ത്. ഫോബ്‌സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ സെലിബ്രിറ്റികളുടെ സമ്പന്ന പട്ടികയില്‍ ഇത്തവണ മലയാളി താരങ്ങളായ മമ്മൂട്ടിയും നയന്‍താരയും ഇടം പിടിച്ചു. 18 കോടി രൂപയുടെ സമ്പാദ്യവുമായി 49 മതാണ് മമ്മൂട്ടി. 15.17 കോടി രൂപയുടെ സമ്പാദ്യവുമായി 69 മത് സ്ഥാനമാണ് നയന്‍താരയ്ക്ക്.

തെന്നിന്ത്യയില്‍നിന്ന് പട്ടികയില്‍ ഇടംപിടിച്ച ഏക വനിതയും നയന്‍താര തന്നെയാണ്. 2017 ഒക്ടോബര്‍ മുതല്‍ 2018 സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷക്കാലത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 100 പേരുടെ പട്ടികയില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ് ഒന്നാം സ്ഥാനത്ത്. 253.25 കോടി രൂപയാണ് സല്‍മാന്റെ സമ്പാദ്യം.

പട്ടികയില്‍ മൂന്നാം തവണയാണ് സല്‍മാന്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ടൈഗര്‍ സിന്താ ഹേ, റേസ് 3 എന്നീ സിനിമകളിലൂടെയും നിരവധി കണ്‍സ്യൂമര്‍ ബ്രാന്‍ഡുകളുടെ അംബാസഡറായുമാണ് സല്‍മാന്‍ ഖാന്റെ സമ്പാദ്യം ഉയര്‍ന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയാണ് രണ്ടാം സ്ഥാനത്ത്. 228.09 കോടി രൂപയാണ് സമ്പാദ്യം. 185 കോടി രൂപയുടെ സമ്പാദ്യത്തോടെ അക്ഷയ് കുമാറാണ് മൂന്നാം സ്ഥാനത്ത്.

112.8 കോടി രൂപയുടെ സമ്പാദ്യവുമായി ദീപിക നാലാം സ്ഥാനത്തെത്തി. പുതിയ ബ്രാന്‍ഡുകളുമായുള്ള സഹകരണവും പത്മാവദ് സിനിമയുടെ വിജയവുമാണ് അവരെ നാലാം സ്ഥാനത്ത് എത്തിച്ചത്. ആദ്യമായാണ് ഒരു വനിതാ താരം ആദ്യ അഞ്ചില്‍ ഇടം പിടിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തുണ്ടായ ഷാരൂഖ് ഖാന്‍ 56 കോടി രൂപയുടെ സമ്പാദ്യവുമായി 13 ആം സ്ഥാനത്തായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.