1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2019

സ്വന്തം ലേഖകൻ: ലോകത്തെ വാഹന നിര്‍മാതാക്കളില്‍ ഭീമന്‍മാരായ ടെസ്‍ല അടുത്തിടെ അവതരിപ്പിച്ച ഇലക്ട്രിക് പിക്കപ്പ് ട്രക്കാണ് സൈബര്‍ട്രക്ക്. ഉരുക്കു ബോഡിയാണ് സൈബര്‍ട്രക്കിന്റെ കരുത്ത്. കഴിഞ്ഞ ദിവസം സൈബര്‍ട്രക്കിന്റെ കരുത്തുറ്റ ബോഡിയുടെയും ആര്‍മര്‍ ഗ്ലാസിന്റെയും പരീക്ഷണം നടത്തിയെങ്കിലും ഗ്ലാസ് പൊട്ടിച്ചിതറിയത് ടെസ്‍ലക്ക് കുറച്ച് ‘ക്ഷീണം’ ചെയ്തിരുന്നു. ബുള്ളറ്റ് പ്രൂഫ് പോലെയാണ് ഗ്ലാസ് എന്നായിരുന്നു ടെസ്‍ലയുടെ അവകാശവാദമെങ്കിലും പരീക്ഷണ വേളയില്‍ ലോഹപന്ത് കൊണ്ടുള്ള ഒരൊറ്റ ഏറില്‍ തന്നെ ഗ്ലാസ് ചിതറിയത് ടെസ്‍ല മേധാവി ഇലോണ്‍ മസ്കിനെ ‘ഞെട്ടി’ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വാഹനം പരിചയപ്പെടുത്തുന്നതിനും മുമ്പ് സൈബര്‍ട്രക്കിന്റെ ഗ്ലാസില്‍ ലോകപന്ത് എറിഞ്ഞ് പരീക്ഷിക്കുന്ന വീഡിയോ ടെസ്‍ല പുറത്തുവിട്ടിട്ടുണ്ട്. ഈ വീഡിയോയില്‍ ഗ്ലാസില്‍ കൊണ്ട പന്ത് ഗ്ലാസിന് ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ അതേ വേഗത്തില്‍ തിരിച്ചുവരികയാണ്. ഇതോടെ പരീക്ഷണവേളയില്‍ ഗ്ലാസ് പൊട്ടിയതിന് പിന്നില്‍ ടെസ്‍ലയുടെ പരസ്യതന്ത്രമാണെന്നും സോഷ്യല്‍മീഡിയയില്‍ വാദങ്ങളുയര്‍ന്നു. പണം മുടക്കാതെ ഇതുവഴി വന്‍ പരസ്യമാണ് ടെസ്‍ലക്ക് ലഭിച്ചതെന്നും ഈ വാദം ഉന്നയിക്കുന്നവര്‍ പറയുന്നു. ഇതിന് പിന്നാലെയാണ് സൈബര്‍ട്രക്കിന്റെ കരുത്ത് വ്യക്തമാക്കുന്ന പുതിയ വീഡിയോ ഇലോണ്‍ മസ്ക് പങ്കുവെച്ചിരിക്കുന്നത്.

അമേരിക്കന്‍ വിപണിയില്‍ സൈബര്‍ട്രക്കിന്റെ പ്രധാന എതിരാളിയാണ് ഫോര്‍ഡിന്റെ എഫ്-150. സൈബര്‍ട്രക്കും എഫ്-150 യും തമ്മിലുള്ള ബലപരീക്ഷണത്തിന്റെ വീഡിയോയാണ് മസ്ക് പുറത്തുവിട്ടിരിക്കുന്നത്. ഇരുവാഹനങ്ങളിലും കയര്‍കെട്ടി വലിച്ചുള്ള പരീക്ഷണമാണ് നടന്നത്. 16 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ എഫ്-150 യെ സൈബര്‍ട്രക്ക് നിഷ്പ്രയാസം വലിച്ചുകൊണ്ടുപോകുന്നതാണുള്ളത്. സാധാരണ പിക്കപ്പ് ട്രക്കുകളില്‍ നിന്ന് വ്യത്യസ്തമായി കവചിത വാഹനങ്ങളുടെ രൂപകല്‍പ്പനയിലാണ് സൈബര്‍ട്രക്ക്. ഏകദേശം 50 ലക്ഷം രൂപയോളമാണ് വില. ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്താല്‍ 804 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും. മണിക്കൂറില്‍ 210 കിലോമീറ്ററാണ് പരമാവധി വേഗത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.