1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2018

സ്വന്തം ലേഖകന്‍: തൊടുപുഴയില്‍ ഒരു കുടുംബത്തെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; കൊലപാതകത്തിനു പിന്നില്‍ ദുര്‍മന്ത്രവാദമെന്ന് സംശയം. വണ്ണപ്പുറത്തെ നാലംഗ കുടുംബത്തെ കൊന്ന് കുഴിച്ചിട്ടതിന് പിന്നില്‍ ഒന്നിലേറെ പേര്‍ ഉള്‍പ്പെട്ട സംഘമാണെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നില്‍ വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം എന്നും പൊലീസ് സംശയിക്കുന്നു.

കൊല്ലപ്പെട്ട കൃഷ്ണന് മന്ത്രവാദമുണ്ടായിരുന്നെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴിയും നിര്‍ണായകമാകും.  അഞ്ചരയടിയോളം ഉയരവും അതിനൊത്ത വണ്ണവുമുണ്ട് കൊല്ലപ്പെട്ട കൃഷ്ണനും മകനും. അതു കൊണ്ടു തന്നെ കൊല്ലാനും മൃതദേഹങ്ങള്‍ കുഴിച്ചു മൂടാനും ഒരാള്‍ക്കൊറ്റയ്ക്കു കഴിയില്ലെന്നും പൊലീസ് വിലയിരുത്തുന്നു. മോഷണ ശ്രമം കൊലപാതകത്തിലേക്കു നയിക്കാനുള്ള സാധ്യതയെ പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.

പക്ഷേ അങ്ങനെയാണെങ്കില്‍ത്തന്നെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടാന്‍ മോഷ്ടാക്കള്‍ ശ്രമിക്കില്ലെന്ന യുക്തിയാണ് അന്വേഷണ സംഘം മുന്നോട്ടുവയ്ക്കുന്നത്. മാത്രമല്ല മോഷ്ടാക്കള്‍ അതിക്രമിച്ചു കടന്നതിന്റെ സൂചനകളൊന്നും വീട്ടില്‍ ഇല്ല താനും. കൃഷ്ണന് മന്ത്രവാദമുണ്ടായിരുന്നെന്നും മന്ത്രവാദത്തിനായി ദൂരദേശങ്ങളില്‍ നിന്ന് പോലും ആളുകള്‍ കൃഷ്ണനെ തേടി എത്തിയിരുന്നെന്നും സഹോദരന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.

വീട്ടിലെ ജനാലകളും വെന്റിലേഷനുകളുമെല്ലാം വായു സഞ്ചാരം പോലും കടക്കാത്ത വണ്ണം അടച്ചുകെട്ടിയ നിലയിലായിരുന്നുവെന്നതും വീട്ടില്‍ മന്ത്രവാദം നടന്നിരുന്നുവെന്നതിന്റെ സൂചനയാണെന്ന് പൊലീസ് പറയുന്നു. ന്ത്രവാദവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സംശയത്തിന്റെ അടിസ്ഥാനവും ഈ മൊഴികളും തെളിവുകളുമാണ്.

ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്നു സംശയിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കനത്ത മഴയായിരുന്നതിനാല്‍ പൊലീസ് ഡോഗ് സ്‌ക്വാഡിനും ഫൊറന്‍സിക് സംഘത്തിനും കാര്യമായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാത്തതും അന്വേഷണ സംഘത്തിനു വെല്ലുവിളിയാണ്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.