1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2017

സ്വന്തം ലേഖകന്‍: ഭീകരര്‍ ബന്ദിയാക്കിയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്ന് യെമന്‍ സര്‍ക്കാര്‍, മോചനത്തിനായി ശ്രമം തുടരുമെന്നും അറിയിപ്പ്. 2016 ഏപ്രിലില്‍ യമനിലെ ഏദനില്‍നിന്ന് തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ ശ്രമം തുടരുകയാണെന്ന് ഡല്‍ഹിയിലെത്തിയ യമന്‍ ഉപപ്രധാനമന്ത്രി അബ്ദുല്‍ മാലിക് അബ്ദുല്‍ ജലീല്‍ അല്‍മഖ്‌ലഫിയാണ് വ്യക്തമാക്കിയത്.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ചയിലാണ് യെമന്‍ ഉപപ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ചര്‍ച്ചയില്‍ ഫാ. ടോമിന്റെ വിഷയം സുഷമ ഉന്നയിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലഭ്യമായ വിവരപ്രകാരം ഫാ. ടോം ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും മോചനം സാധ്യമാക്കാനും ശ്രമിക്കുന്നുണ്ടെന്നും അബ്ദുല്‍ മാലിക് പറഞ്ഞു. ഇക്കാര്യത്തില്‍ യമന്‍ സര്‍ക്കാറിന്റെ എല്ലാ സഹായവും അദ്ദേഹം ഉറപ്പുനല്‍കി.

മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം നടത്തുന്ന വൃദ്ധസദനം ആക്രമിച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിനാണ് ഫാ.ടോം ഉഴുന്നാലിലിനെ യെമനിലെ ഏദനില്‍നിന്നു ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. കേന്ദ്ര വിദേശകാര്യമന്ത്രാലയം ഉള്‍പ്പടെ ഇദ്ദേഹത്തിന്റെ മോചനത്തിന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണ് കൃത്യത്തിനു പിന്നിലെന്നായിരുന്നു സൂചനയെങ്കിലും അല്‍ക്വയ്ദയെയും സംശയിക്കുന്നുണ്ട്.

തടവില്‍ കഴിയുന്ന ഫാ. ടോമിന്റേതെന്ന് കരുതുന്ന വീഡിയോ ദൃശ്യങ്ങള്‍ മാസങ്ങള്‍ക്കുമുന്പ് ഭീകരര്‍ പുറത്തുവിട്ടിരുന്നു. സലേഷ്യന്‍ സഭ ബംഗളൂരു പ്രൊവിന്‍സ് അംഗമായ ഫാ. ടോം (56), കോട്ടയം രാമപുരം ഉഴുന്നാലില്‍ കുടുംബാംഗമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.