1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2018

സ്വന്തം ലേഖകന്‍: മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധത്തിനു മുന്നില്‍ ഫ്രഞ്ചു സര്‍ക്കാര്‍ മുട്ടുമടക്കി; അടിസ്ഥാന വേതനം വര്‍ധിപ്പിക്കുമെന്നും നികുതി കുറയ്ക്കുമെന്നും മക്രോണ്‍. ഫ്രാന്‍സിനെ ഉലച്ച മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധത്തിനു മുന്നില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ വീണ്ടും മുട്ടുമടക്കി. അടിസ്ഥാന വേതനം വര്‍ധിപ്പിക്കാനും നികുതി കുറയ്ക്കാനും തീരുമാനിച്ചതായി അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചു. റിക്കാര്‍ഡ് ചെയ്ത 13 മിനിട്ടു സന്ദേശം തിങ്കളാഴ്ച ടിവിയില്‍ സംപ്രേഷണം ചെയ്യുകയായിരുന്നു.

ഇന്ധനനികുതി കൂട്ടുന്നതിനും ജീവിതച്ചെലവ് വര്‍ധിക്കുന്നതിനും എതിരേ നാലാഴ്ചയായി ഫ്രാന്‍സില്‍ വന്‍ പ്രതിഷേധം നടക്കുകയാണ്. തിളങ്ങുന്ന മഞ്ഞ മേല്‍ക്കുപ്പായം ധരിച്ചു പ്രതിഷേധിച്ചവര്‍ പാരീസില്‍ പോലീസുമായി നിരന്തരം ഏറ്റുമുട്ടി. നൂറു കണക്കിനു വാഹനങ്ങളാണു തീവച്ചു നശിപ്പിച്ചത്. ഇന്ധനനികുതിവര്‍ധന പിന്‍വലിക്കുമെന്ന് നേരത്തേ മക്രോണ്‍ പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധം കെട്ടടങ്ങിയില്ല. ഈസാഹചര്യത്തിലാണ് കൂടുതല്‍ സൗജന്യങ്ങള്‍ അനുവദിക്കാന്‍ അദ്ദേഹം മുതിര്‍ന്നത്.

1498 യൂറോയുടെ മാസവേതനത്തില്‍ നൂറു യൂറോയുടെ കൂടി വര്‍ധന വരുത്തുമെന്നാണ് മക്രോണ്‍ അറിയിച്ചത്. തൊഴില്‍ദാതാവിന് അധികച്ചെലവ് ഉണ്ടാകാതെയായിരിക്കും വര്‍ധന. ഓവര്‍ടൈം ജോലിക്കുള്ള വേതനത്തിന് നികുതി ഒഴിവാക്കി. തൊഴിലാളികള്‍ക്ക് വാര്‍ഷിക ബോണസ് നല്കുന്ന തൊഴില്‍ദാതാവിന് നികുതിയിളവ് നല്കും.

മാസം 2000 യൂറോയ്ക്കു താഴെ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും നികുതി ഇളവ് ഉണ്ടായിരിക്കും. അതേസമയം, സന്പന്നര്‍ക്കുള്ള സ്വത്തുനികുതി പുനഃസ്ഥാപിക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം മക്രോണ്‍ പരിഗണിച്ചില്ല. മക്രോണ്‍ 2017ല്‍ അധികാരത്തില്‍ കയറിയപ്പോഴാണ് ഈ നികുതി ഒഴിവാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.