1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2017

സ്വന്തം ലേഖകന്‍: വിവാദ വ്യവസായി വിജയ് മല്ല്യക്ക് യുകെയിലും പണകുരുക്ക്, അനധികൃത പണമിടപാടുകളില്‍ അന്വേഷണം. ഇന്ത്യയിലെ ബാങ്കുകള്‍ക്ക് 9000 കോടി രൂപ കുടിശിക വരുത്തി ലണ്ടനിലേക്ക് മുങ്ങിയ മല്ല്യ അനധികൃത പണമിടപാടുകള്‍ നടത്തിയതായി സംശയമുള്ളതിനാല്‍ യുകെയിലെ സീരിയസ് ഫ്രോഡ് ഓഫീസ് അന്വേഷണം തുടങ്ങിയതാണ് റിപ്പോര്‍ട്ടുകള്‍.

കള്ളക്കമ്പനികളുടെ പേരില്‍ ഇന്ത്യയില്‍ നിന്ന് വളഞ്ഞ വഴിയിലൂടെ ബ്രിട്ടനിലേക്കും അവിടെ നിന്ന് സ്വിറ്റ്‌സര്‍ലണ്ടിലേക്കും മറ്റു രാജ്യങ്ങളിലേക്കും കോടികള്‍ കടത്തിയെന്നാണ് പ്രധാന ആരോപണം. ഇന്ത്യയില്‍ നിന്ന് തട്ടിച്ചെടുത്ത പണം ബ്രിട്ടനില്‍ ഇയാള്‍ നിക്ഷേപിച്ചുവെന്നാണ് സൂചന. മല്ല്യയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍, ബ്രിട്ടനിലെ വിവിധ സ്ഥാപനങ്ങളിലുള്ള നിക്ഷേപങ്ങള്‍, ഓഹരികള്‍, അക്കൗണ്ടുകള്‍ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഫ്രോഡ് ഓഫീസ് ശേഖരിച്ചു കഴിഞ്ഞു.

താനുമായി ബന്ധമുള്ള ബ്രിട്ടീഷ് കമ്പനികള്‍ വഴിയാണോ തട്ടിപ്പ് നടത്തിയത് എന്നും അന്വേഷിക്കുന്നുണ്ട്. മല്ല്യക്കെതിരായ സ്വതന്ത്രമായ അന്വേഷണം നടത്തിവരികയാണെന്ന് ബ്രിട്ടീഷ് അധികൃതര്‍ ഇന്ത്യയെ അറിയിച്ചിട്ടുമുണ്ട്. കൈയിലുള്ള വിവരങ്ങള്‍ കൈമാറാന്‍ ബ്രിട്ടന്‍ സിബിഐയോടും എന്‍ഫോഴ്‌മെന്റിനോടും അഭ്യര്‍ഥിച്ചിട്ടുമുണ്ട്. മല്ല്യയെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെടുള്ള കേസ് വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ നടക്കുകയാണ്.

മല്ല്യക്കെതിരായ സീരിയസ് ഫ്രോഡ് ഓഫീസിന്റെ അന്വേഷണം ഇന്ത്യയുടെ കേസിന് ബലമേകും. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള കരാര്‍ പ്രകാരം രണ്ടു രാജ്യങ്ങളിലും ഇയാള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തുവെന്ന് വ്യക്തമായാല്‍, ഇയാളെ ഇന്ത്യയിലേക്ക് മടക്കി അയക്കുക എളുപ്പമാകും. ഇന്ത്യയില്‍ നിന്ന് തട്ടിച്ചെടുത്ത പണം ബ്രിട്ടനില്‍ മല്യ നിക്ഷേപിച്ചെന്നുള്ളതിന് നിരവധി തെളിവുകള്‍ ബ്രിട്ടന് നല്‍കിയതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബ്രിട്ടന്റെ അന്വേഷണം കൂടി വരുന്നതോടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് ഇന്ത്യന്‍ സംഘത്തിന്റെ പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.