1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2020

സ്വന്തം ലേഖകൻ: സ്വതന്ത്രമായി ബിസിനസ് ചെയ്യാൻ 48 മേഖലകളിൽ അബുദാബിയിൽ വിദേശികൾക്കു ഫ്രീലാൻസ് ലൈസൻസ് നൽകുന്നതു മൂലം എമിറേറ്റിന്റെ ബിസിനസ്, നിക്ഷേപ വളർച്ചയ്ക്കു ആക്കം കൂടുമെന്ന് അബുദാബി സാമ്പത്തിക വികസന വിഭാഗം (എഡിഡിഇഡി) അണ്ടർ സെക്രട്ടറി റാഷിദ് അബ്ദുൽകരീം അൽ ബലൂഷി. കൂടുതൽ തൊഴിൽ അവസരം സൃഷ്ടിക്കാനും സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാങ്കേതിക, സേവന മേഖലകളിൽ പരിചയ സമ്പന്നരായ പ്രഫഷനലുകൾക്ക് ഇതു ഗുണം ചെയ്യും. ജോലിയുള്ളവർക്കും ഫ്രീലാൻസ് ലൈസൻസ് എടുത്തു ബിസിനസ് ചെയ്യാം. വിരമിച്ചവർക്കും വീട്ടമ്മമാർക്കും വിദ്യാർഥികൾക്കും തൊഴിൽരഹിതർക്കും വീട്ടിലിരുന്നു ജോലി ചെയ്യാം. ഇതോടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

പൊതുമേഖലയിൽ ജോലി ചെയ്യുന്നവർ തൊഴിലുടമയിൽ നിന്ന് അനുമതി വാങ്ങണം. സ്വകാര്യ മേഖലാ ജീവനക്കാർ സമാന സ്വഭാവമുള്ള ബിസിനസ് തുടങ്ങുകയാണെങ്കിൽ തൊഴിലുടമയിൽ നിന്നുള്ള അനുമതി നിർബന്ധം. വ്യത്യസ്ത ബിസിനസ് ആണെങ്കിൽ അനുമതി ആവശ്യമില്ല. പാർട്ട്‌ടൈം ജോലിക്കാർക്കും ഇതേ നിയമം ബാധകം. കുറഞ്ഞ ചെലവിൽ ബിസിനസ് ചെയ്യാം എന്നതിനപ്പുറം മറ്റു കമ്പനികൾക്കു താൽക്കാലിക ജോലികൾ ഫ്രീലാൻസർമാരെ ഏൽപ്പിക്കുകയും ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല ലൈസൻസിന് ഓഫിസോ സ്ഥലമോ വേണ്ട.

ഫാഷൻ ഡിസൈൻ, വസ്ത്രം, ഡെക്കറേഷൻസ്, സ്റ്റുഡിയോ, ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി, ഇവന്റ് മാനേജ്മെന്റ്, ഗിഫ്റ്റ് പാക്കിങ്, ജ്വല്ലറി ഡിസൈൻ, വെബ് ഡിസൈൻ, പ്രോജക്ട് ഡിസൈൻ, മാനേജ്മെന്റ് സർവീസ്, വിവർത്തനം, കലിഗ്രഫി, ഡ്രോയിങ്, സ്റ്റാറ്റിസ്റ്റിക്കൽ കൺസൽറ്റേഷൻ, അഗ്രികൾചറൽ ഗൈഡൻസ്, മാർക്കറ്റിങ് ഓപ്പറേഷൻസ് മാനേജ്മെന്റ്, കംപ്യൂട്ടർ ഹാർഡ് വെയർ, സോഫ്റ്റ് വെയർ, റിയൽ എസ്റ്റേറ്റ്, ലീഗൽ കൺസൽറ്റൻസി, പബ്ലിക് റിലേഷൻസ്, ക്വാളിറ്റി മാനേജ്മെന്റ്, പെസ്റ്റ് കൺട്രോൾ, പ്രോജക്ട് ഡവലപ്മെന്റ്, പ്രൊക്യൂർമെന്റ്, ടെക്നിക്കൽ ഇൻസ്റ്റലേഷൻസ്, ഗ്രീൻ ബിൽഡിങ്, ഇൻഫർമേഷൻ ടെക്നോളജി, ഇക്കണോമിക് ഫീസിബിലിറ്റി സ്റ്റഡീസ്, എച്ച്ആർ, ടൂറിസം, ഹെറിറ്റേജ്, എന്റർടെയ്ൻമെന്റ്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റഡീസ്, ഫുഡ് സേഫ്റ്റി, ഗുഡ്സ് ഡിസൈൻ, ഫൈൻ ആർട്, ആർക്കിടെക്ചറൽ ഡ്രോയിങ്, മറൈൻ സർവീസ്, ലൈഫ്സ്റ്റൈൽ ഡവലപ്മെന്റ്, മാർക്കറ്റിങ് സ്റ്റഡീസ്, പാർലമെന്ററി സ്റ്റഡീസ്, ഊർജം, ബഹിരാകാശം എന്നീ മേഖലകളിലെ ബാങ്കിങ് ആൻഡ് മാർക്കറ്റിങ് സർവീസ്, ലോജിസ്റ്റിക് കൺസൽറ്റേഷൻ, ആർട്ട് വർക്സ്, കൊത്തുപണി, കരകൗശല വസ്തുക്കൾ, പ്രിന്റിങ്, ഫോട്ടോകോപ്പി, ഗാർഡനിങ്, ലാൻഡ് സ്കേപിങ്, വസ്ത്രങ്ങളിലെ പ്രിന്റിങ്, പ്ലാസ്റ്ററിങ്, എൻഗ്രേവിങ്, ഡക്കറേഷൻ, സോപ്പ് മേക്കിങ് എന്നിവയാണ് നിലവിൽ ഫ്രീലാൻസ് ലൈസൻസ് ലഭിക്കുന്ന ‌മേഖലകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.