1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2016

സ്വന്തം ലേഖകന്‍: ഫ്രഞ്ച് ബീച്ചുകളിലെ മുഴുനീള നീന്തല്‍ വസ്ത്രം (ബുര്‍ക്കിനി) നിരോധനം കോടതി റദ്ദാക്കി. നിരോധനം നടപ്പിലാക്കിയ നഗരങ്ങളിലെ മേയര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ വിധി പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് രാജ്യത്തെ ഉന്നത കോടതി നിരോധനം റദ്ദാക്കിയത്.

ബുര്‍ക്കിനി നിരോധത്തിനെതിരെ ഹ്യൂമന്‍ റൈറ്റ്‌സ് ലീഗ് നല്‍കിയ ഹരജിയിലാണ് കോടതി വിധി. കഴിഞ്ഞ ദിവസം പാരീസിലെ നീസ് ബീച്ചില്‍ ബുര്‍ക്കിനി ധരിച്ച സ്ത്രീയുടെ വസ്ത്രം പൊലീസ് ഭീഷണിപ്പെടുത്തി അഴിപ്പിച്ചത് ലോകമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഫ്രാന്‍സില്‍ അടുത്തിടെയുണ്ടായ തീവ്രവാദ ആക്രമണങ്ങളുടെ പേരിലാണ് ബുര്‍ക്കിനി ധരിക്കുന്നത് അധികൃതര്‍ നിരോധിച്ചത്.

ബുര്‍ക്കിനി ധരിക്കുന്നത് രാഷ്ട്രീയ നടപടിയുടെ ഭാഗമായിട്ടാണെന്നും താന്‍ പ്രസിഡന്റായാല്‍ രാജ്യത്തെ സര്‍വകലാശാലകളില്‍ മതവുമായി ബന്ധപ്പെട്ട എല്ലാ അടയാളങ്ങളും നിരോധിക്കുമെന്നും മുന്‍ പ്രസിഡന്റ് നികോളസ് സര്‍കോസി വ്യക്തമാക്കിയിരുന്നു. വസ്ത്രധാരണത്തിന്റെ വിഷയം മാത്രമല്ല. ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. പ്രകോപനപരമായ കാര്യമാണിത്. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ പത്തു വര്‍ഷത്തിനുള്ളില്‍ ശിരോവസ്ത്രം ധരിക്കാതിരിക്കുന്നത് പൊതു തിന്‍മയാണെന്ന തെറ്റായ ധാരണ മുസ്‌ലിം പെണ്‍കുട്ടികളില്‍ ഉണ്ടാവുമെന്നും സര്‍കോസി പറഞ്ഞു.

അതിനിടെ ബുര്‍കിനി നിരോധത്തിന്റെ മറവില്‍ നീസില്‍ മുസ്ലിം സ്ത്രീയുടെ വസ്ത്രമഴിപ്പിച്ച പൊലീസ് നടപടി ലോകവ്യാപകമായി ആശങ്കയുയര്‍ത്തിയ സാഹചര്യത്തില്‍ 26 നഗരങ്ങളിലെ ബുര്‍കിനി നിരോധത്തെക്കുറിച്ച് പഠിക്കാന്‍ ഫ്രാന്‍സിലെ ഉന്നതതല കോടതി തയാറെടുക്കുകയാണ്. ഫ്രാന്‍സിലെ വിവിധ നഗരങ്ങളില്‍ ബുര്‍കിനി നിരോധം സാമുദായിക കലാപത്തിലേക്ക് നയിക്കുമെന്ന് ആശങ്കയുണ്ട്. സ്ത്രീകളെ അടിമത്തത്തിലേക്ക് നയിക്കുകയാണ് ബുര്‍കിനിയെന്ന് പ്രധാനമന്ത്രി മാന്വല്‍ വാള്‍സ് ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.