1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2017

സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ കുടിയേറ്റ വിരുദ്ധരായ വലതുപക്ഷക്കാര്‍ക്ക് തിരിച്ചടി, സ്വന്തന്ത്ര സ്ഥാനാര്‍ഥി മക്രോണിന് മുന്നേറ്റം. ഞായറാഴ്ച നടന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ മാക്രോണ്‍ 23.8 ശതമാനം വോട്ട് നേടി ആദ്യ സ്ഥാനത്തെത്തിയിരുന്നു. മരീന്‍ 21.5 ശതമാനവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഫ്രാങ്‌സ്വ ഫിലന്‍ 19.9 ശതമാനവും ഇടതു കക്ഷിയായ റിബല്യസ് ഫ്രാന്‍സിന്റെ ഴാന്‍ ലൂക് മെലന്‍ഷന്‍ 19.6 ശതമാനം വോട്ടുകളുമാണ് നേടിയത്.

സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ബെനോയിറ്റ് ഹാമന് കേവലം ആറ് ശതമാനം വോട്ടാണ് ലഭിച്ചത്. ഒന്നാം ഘട്ടത്തില്‍ ആര്‍ക്കും 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് ആദ്യ രണ്ട് സ്ഥാനാര്‍ഥികളുടെ റണ്‍ ഓഫിന് കളമൊരുങ്ങിയത്. രണ്ടാം ഘട്ട മത്സരത്തില്‍ തീവ്രവലതുപക്ഷ കക്ഷിയായ നാഷനല്‍ ഫ്രണ്ടിന്റെ മരീന്‍ ലീപെന്നിനെതിരെ പ്രതിപക്ഷ കക്ഷികളുടെ മഹാസഖ്യവും രൂപംകൊണ്ടു. മേയ് ഏഴിന് നടക്കുന്ന റണ്‍ ഓഫില്‍ ഇമ്മാനുവല്‍ മാക്രോണിനെ പിന്തുണക്കാന്‍ ഒന്നാം ഘട്ടത്തില്‍ പുറത്തായ പാര്‍ട്ടികളില്‍ ഭൂരിഭാഗവും തീരുമാനിച്ചതോടെയാണിത്.

തീവ്രവലതുപക്ഷത്തിനെതിരെ പ്രധാന രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ചതോടെ 39കാരനായ മാക്രോണ്‍ വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. അദ്ദേഹത്തിന് 61 ശതമാനം വോട്ട് ലഭിക്കുമെന്നാണ് മിക്ക അഭിപ്രായ സര്‍വേകളും നല്‍കുന്ന സൂചന. പ്രവചനങ്ങളെല്ലാം അട്ടിമറിച്ചാണ് മാക്രോണ്‍ ഒന്നാം സ്ഥാനത്തേക്ക് കടന്നുവന്നത്. മാക്രോണ്‍ രാഷ്ട്രീയ തരംഗമായതോടെ മറ്റു പാര്‍ട്ടികള്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

യൂറോപ്യന്‍ യൂനിയന്റെ പിന്തുണ മാക്രോണിനാണെന്ന് യൂനിയന്‍ പ്രസിഡന്റ് അേന്റാണിയോ തജാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്‌പെയിന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയും മക്രോണിനാണ്. അതേസമയം കടുത്ത മുസ്ലിം, അഭയാര്‍ഥിവിരുദ്ധ നയം വെച്ചുപുലര്‍ത്തുന്ന മരീന്‍ ജിഹാദി തീവ്രവാദത്തെ പ്രതിരോധിക്കാന്‍ മാക്രോണിനാകില്ലെന്ന് പ്രചാരണ യോഗത്തില്‍ ആഞ്ഞടിച്ചു.

മരീന്‍, താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ബ്രെക്‌സിറ്റ് മാതൃകയില്‍ ഹിതപരിശോധന നടത്തുമെന്നും കുടിയേറ്റക്കാരെ പൂര്‍ണമായി ഒഴിപ്പിക്കുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മരീന്റെ വിജയം യൂറോപ്യന്‍ യൂനിയന്റെ തകര്‍ച്ച പൂര്‍ണമാക്കുമെന്നാണ് നിരീക്ഷകരും വിവിധ യൂറോപ്യന്‍ രാജ്യങ്ങളും വിലയിരുത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.