1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2020

സ്വന്തം ലേഖകൻ: കൊവിഡ് വെല്ലുവിളി നേരിടുന്ന ആഗോള സമ്പദ്ഘടനയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട്, ജി 20 രാഷ്ട്രത്തലവന്മാരുടെ ഓൺലൈൻ ഉച്ചകോടി സൌദിയിൽ ആരംഭിച്ചു. മാർച്ചിൽ അസാധാരണ ഉച്ചകോടി ചേർന്ന് കൊവിഡ് വിഷയങ്ങൾ ചർച്ച ചെയ്തതിന്റെ തുടർച്ചയാണിത്. വർഷത്തിൽ 2 ഉച്ചകോടിയെന്ന അപൂർവതയുമുണ്ട്.

“21-ാം നൂറ്റാണ്ടിലെ അവസരങ്ങൾ എല്ലാവർക്കുമായി തിരിച്ചറിയുക,” എന്ന പ്രമേയത്തിൽ നടക്കുന്ന ഉച്ചകോടിയിൽ സൌദി ഭരണാധികാരി സൽമാൻ രാജാവ് അധ്യക്ഷത വഹിച്ചു. റഷ്യയുടെ വാക്സീൻ എല്ലാവർക്കും നൽകാൻ സന്നദ്ധമാണെന്നു പ്രസിഡന്റ് പുടിൻ അറിയിച്ചു. കൊവിഡിന്റെ ദുരന്തഫലങ്ങളിൽ നിന്ന് സമ്പദ് വ്യവസ്ഥയെയും സാമൂഹിക ജീവിതത്തെയും തിരികെപ്പിടിക്കുകയാണു പ്രധാന ഉത്തരവാദിത്തമെന്ന് ഉച്ചകോടി വിലയിരുത്തി.

കൊവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധി ലഘൂകരിക്കുന്നതിന് നയങ്ങള്‍ സ്വീകരിക്കുകയും ഒരുമിച്ച് നിന്ന് വെല്ലുവിളികളെ നേരിടണമെന്നും ജനങ്ങള്‍ക്ക് പ്രത്യാശയുടെയും ധൈര്യത്തിന്റെയും ശക്തമായ സന്ദേശം നല്‍കണമെന്നും ഇരു ഹറം രക്ഷാധികാരി സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്തു. ദ്വിദിന 15ാമത് ജി-20 ഉച്ചകോടി ഓണ്‍ലെന്‍ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജാവ്.

“ഇത് അസാധാരണമായ ഒരു വര്‍ഷമാണ്. കൊവിഡ് -19 ചുരുങ്ങിയ സമയത്തിനുള്ളില്‍ ലോകത്തെ മുഴുവന്‍ ബാധിക്കുകയും ആഗോള സാമ്പത്തിക സാമൂഹിക നഷ്ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. നമ്മുടെ ജനങ്ങളേയും സമ്പദ്വ്യവസ്ഥയേയും കൊവിഡ് ആഘാതം പിടിച്ചുകുലുക്കിയിരിക്കുന്നു,” എന്നിരുന്നാലും, അന്താരാഷ്ട്ര സഹകരണത്തിലൂടെ ഈ പ്രതിസന്ധിയെ മറികടക്കാന്‍ നാം പരമാവധി ശ്രമിക്കണമെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.

കഴിഞ്ഞ ദശകങ്ങളില്‍ നേടിയ വികസന പുരോഗതി നിലനിര്‍ത്താന്‍ വികസ്വര രാജ്യങ്ങള്‍ക്ക് പിന്തുണ ആവശ്യമുണ്ട്. ശക്തവും സുസ്ഥിരവുമായ സമഗ്രവുമായ വളര്‍ച്ചക്ക് അടിത്തറ ഉണ്ടാകണം. വിദ്യാഭ്യാസം, പരിശീലനം, തൊഴിലവസരങ്ങള്‍ എന്നിവ സൃഷ്ടിക്കലും സംരംഭകര്‍ക്കുള്ള പിന്തുണ, വ്യക്തികള്‍ക്കിടയിലെ ഡിജിറ്റല്‍ വിടവുകള്‍ നികത്തല്‍ എന്നിവയിലൂടെ മുഴുവനാളുകള്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും, സമൂഹത്തിലും തൊഴില്‍ വിപണിയിലും അവരുടെ പങ്ക് വര്‍ധിപ്പിക്കാന്‍ അവസരങ്ങളൊരുക്കാനും പ്രവര്‍ത്തിക്കണമെന്നും സൽമാൻ രാജാവ് ആഹ്വാനം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.