1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2016

സ്വന്തം ലേഖകന്‍: ജി7 ഉച്ചകോടിക്ക് ജപ്പാനില്‍ തുടക്കം, ഭീകരവാദവും അതിര്‍ത്തി സുരക്ഷയും പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. ജപ്പാനിലെ ഇസെഷിമയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ബ്രിട്ടണ്‍, കനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.എസ് എന്നീ ഏഴു പ്രമുഖ വ്യാവസായിക രാഷ്ട്രങ്ങളുടെ തലവന്മാരാണ് പങ്കെടുക്കുന്നത്. ആഗോള ഭീകരവാദം, സൈബര്‍ സുരക്ഷ, ദക്ഷിണപൂര്‍വ ഏഷ്യന്‍ രാജ്യങ്ങളുടെ സമുദ്ര മേഖലകള്‍ ഉള്‍പ്പടെയുള്ള അതിര്‍ത്തി സുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടി പ്രധാനമായും ചര്‍ച്ചചെയ്യുക.

പസഫിക് മേഖലയില്‍ ചൈന നടത്തുന്ന അവകാശവാദങ്ങള്‍ക്കെതിരെ ശക്തമായ താക്കീത് നല്‍കാന്‍ ഉച്ചകോടിയുടെ ആദ്യ ദിനം ജി ഏഴ് നേതാക്കള്‍ തീരുമാനിച്ചു. ജപ്പാനുമായും മറ്റ് ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളുമായും അതിര്‍ത്തി തര്‍ക്കങ്ങള്‍ ചൈന കടുപ്പിച്ച സാഹചര്യത്തിലാണ് ഈ ധാരണ. ദക്ഷിണപൂര്‍വ സമുദ്ര മേഖലകളിലെ നിലവിലെ സ്ഥിതിഗതികള്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തതായും ഇക്കാര്യത്തില്‍ ചൈനക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കാന്‍ ജിഏഴ് നേതാക്കള്‍ ധാരണയില്‍ എത്തിയതായും സൂചനയുണ്ട്.

ദക്ഷിണ ചൈനാകടലില്‍ ജി ഏഴ് രാജ്യങ്ങളുമായി ചേര്‍ന്ന് ചൈനക്ക് ഒന്നും തന്നെ ചെയ്യാനില്ലെന്നും ചിലരുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി വിഷയം ഊതിപ്പെരുപ്പിക്കുന്നതിനെ തങ്ങള്‍ പൂര്‍ണമായും എതിര്‍ക്കുന്നുവെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്യങ് പ്രതികരിച്ചു.
അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്കു പുറമെ, സ്വാതന്ത്ര്യം, മനുഷ്യാവകാശം, ജനാധിപത്യം, നിയമ വ്യവസ്ഥ തുടങ്ങിവ സംബന്ധിച്ചും തീവ്രവാദത്തെ നേരിടുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉച്ചകോടി ചര്‍ച്ച ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.