1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2015

സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ മഹാത്മാ ഗാന്ധി പ്രതിമയില്‍ ഒരു സംഘം അജ്ഞാതര്‍ വെളുത്ത പെയിന്റ് ഒഴിച്ച് വികൃതമാക്കി. ഞായറാഴ്ച ഉച്ചയോടെയാണ് കാറിലെത്തിയ സംഘം പ്രതിമയിലും ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ ജീവിതം വിവരിക്കുന്ന ഫലകത്തിലും വെളുത്ത പെയിന്റ് വാരിപ്പൂശിയത്.

വര്‍ണ വെറിയന്‍ ഗാന്ധി തുലയട്ടെ എന്നെഴുതിയ പ്ലക്കാര്‍ഡും സംഘത്തിന്റെ കൈയിലുണ്ടായിരുന്നു. ഗാന്ധിജി യുവ അഭിഭാഷകന്റെ രൂപത്തില്‍ കാണപ്പെടുന്ന ലോകത്തിലെ തന്നെ അപൂര്‍വ പ്രതിമയാണ് ജോഹന്നാസ് ബര്‍ഗിലേത്. പ്രതിമ നില്‍ക്കുന്നിടം ഗാന്ധി ചത്വരം എന്നാണ് അറിയപ്പെടുന്നത്.

ഗാന്ധി ചത്വരത്തിന് സമീപത്താണ് ഒരു നൂറ്റാണ്ട് മുമ്പ് ഗാന്ധിജി അഭിഭാഷകനായി ജോലി നോക്കിയിരുന്നത്. ഗാന്ധിജി ഒരു വംശവെറിയനായിരുന്നുവെന്നും അദ്ദേഹത്തിനെതിരായ പ്രചാരണം അവസാനിപ്പിക്കില്ലെന്നും സംഘം പറഞ്ഞതായി പ്രതിമയുടെ കാവല്‍ക്കാരന്‍ ക്വെപെ വ്യക്തമാക്കി.

ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വേഷത്തിലാണ് ഇവരെത്തിയതെന്നും അദ്ദേഹം പറഞ്ഞു. സംഘത്തിലൊരാളെ പിടികൂടിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുക്കുമെന്ന് പോലീസ് വക്താവ് കെ മാക്യുബെല അറിയിച്ചു.

സംഭവത്തെ അപലപിച്ച ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് വക്താവ് കീത്ത് കോസ പാര്‍ട്ടിക്ക് അക്രമത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി. 1903 ല്‍ ജൊഹാനസ്ബര്‍ഗിലെത്തിയ ഗാന്ധിജി 1914 ലാണ് ഇന്ത്യയിലേക്ക് മടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.