1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2016

സ്വന്തം ലേഖകന്‍: ഗാന്ധിജിയുടെ പേരക്കുട്ടി കനുഭായ് ഡല്‍ഹിയിലെ വൃദ്ധ സദനത്തില്‍ അന്തേവാസി. കടല്‍ത്തീരത്തു നടക്കുന്ന ഗാന്ധിജിയുടെ വടിയുടെ അറ്റത്തു പിടിച്ചു അദ്ദേഹത്തെ മുന്നോട്ടു നയിക്കുന്ന കൊച്ചു കുട്ടിയുടെ ചിത്രം പ്രശസ്തമാണ്. ഗാന്ധിജിയുടെ മകന്‍ രാംദാസിന്റേയും ഭാര്യ നിര്‍മലയുടെയും മകന്‍ കനുഭായ് ആയിരുന്നു രാഷ്ട്ര പിതാവിനു വഴികാട്ടിയ ആ കുട്ടി.

വര്‍ഷങ്ങള്‍ക്കു ശേഷം 87 ആം വയസില്‍ കനുഭായ് വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നത് ഡല്‍ഹിയിലെ ഒരു വൃദ്ധ സദനത്തിലെ അന്തേവാസിയായാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് ഗുരു വിശ്രാം വൃദ്ധാശ്രമത്തിലേക്ക് ഭാര്യ ഡോ. ശിവലക്ഷ്മിയെയും കൂട്ടി കനുഭായ് ഗാന്ധി എത്തിയത്.

പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള ഈ വൃദ്ധ സദനത്തില്‍ ഓര്‍മനഷ്ട രോഗമുള്ളവരും മാനസികശാരീരിക തളര്‍ച്ചയുള്ളവരുമായ അന്തേവാസികളാന് അധികവും. മക്കളില്ലാത്ത ഈ ദമ്പതിമാര്‍ നാലു പതിറ്റാണ്ട് അമേരിക്കയില്‍ സേവനമനുഷ്ഠിച്ച് 2014 ലാണ് ഇന്ത്യയിലേക്ക് തിരിച്ചത്തെിയത്.

രണ്ടു വര്‍ഷം വിവിധ ആശ്രമങ്ങളിലായി കഴിഞ്ഞിരുന്ന ഇവര്‍ ഈ മാസം ഡല്‍ഹിയിലേക്ക് മാറുകയായിരുന്നു. ഗാന്ധിജി വെടിയേറ്റ് മരിക്കുമ്പോള്‍ 17 വയസ്സായിരുന്നു കനുവിന്. തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്‌റു അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ കെന്നത്ത് ഗാല്‍ബ്രൈത്തിന്റെ സഹായത്തോടെ മസാചൂസറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയില്‍ അപൈ്‌ളഡ് മാതമാറ്റിക്‌സ് പഠിക്കാന്‍ കനുവിനെ അയച്ചു.

നാസയിലും അമേരിക്കന്‍ പ്രതിരോധ വിഭാഗത്തിലും ഗവേഷകനായി ജോലി ചെയ്ത കനു ബോസ്റ്റണില്‍ അധ്യാപികയായിരുന്നു ശിവലക്ഷ്മിയെ വിവാഹം കഴിച്ചു. വര്‍ധ, നവ്രാസി എന്നിവിടങ്ങളിലെ സേവാശ്രമങ്ങളില്‍ താമസിച്ച ഇവര്‍ ഗുജറാത്തിലെ ഒരു വൃദ്ധ സദനത്തിലത്തെിയപ്പോള്‍ മുഴുവന്‍ ഉത്തരവാദിത്തവും സൂറത്തിലെ ഒരു വ്യവസായി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, ചില അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം അതു നടന്നില്ല. രാഷ്ട്രീയക്കാരും ഗാന്ധി കുടുംബത്തിലെ ഇപ്പോഴത്തെ അംഗങ്ങളും തിരിഞ്ഞു നോക്കാത്ത ഇവര്‍ക്ക് ആരുടെയെങ്കിലും ഔദാര്യം സ്വീകരിക്കണമെന്ന ആഗ്രഹമില്ല. എന്നാല്‍ അല്‍പംകൂടി സൗകര്യങ്ങളുള്ള ഒരിടത്തേക്ക് മാറാനുള്ള ശ്രമത്തിലാണ് വൃദ്ധ ദമ്പതികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.