1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2015

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ ത്രിമൂര്‍ത്തികളായ സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി എന്നിവര്‍ മടങ്ങി വരുന്നു. രണ്ടാമൂഴത്തില്‍ ഇവരെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് കൊണ്ടു വരാനാണ് ബിസിസിഐയുടെ ശ്രമം. ഇതു സംബന്ധിച്ച് മൂവരുമായി ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ ചര്‍ച്ച ആരംഭിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉപദേശകരായാണ് മൂന്നുപേരെയും നിയമിക്കുക. എന്നാല്‍ മൂന്നുപേര്‍ക്കും വ്യത്യസ്ത ചുമതലകളായിരിക്കും നല്‍കുകയെന്നാണ് സൂചന.

ഹൈ പെര്‍ഫോമന്‍സ് മാനേജര്‍ തസ്തികയിലായിരിക്കും സൗരവ് ഗാംഗുലിയെ നിയമിക്കുക. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുകയാണ് ഹൈ പോര്‍ഫോമന്‍സ് മാനേജരുടെ പ്രധാന ദൗത്യം. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) യുടെ ചുമതലയാകും ഏറ്റെടുക്കുക. ക്രിക്കറ്റ് അക്കാദമിയെ ലോകോത്തര നിലവാരമുള്ള പരിശീലന കേന്ദ്രവും ഗവേഷണ സ്ഥാപനവുമായി വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. അതോടൊപ്പം ഫോം നഷ്ടപ്പെടുന്ന താരങ്ങള്‍ക്ക് സാങ്കേതികവും മാനസികവുമായ പിന്തുണ നല്‍കി അവരെ മടക്കിക്കൊണ്ടുവരാനുള്ള ദൗത്യവും സച്ചിനായിരിക്കും.

പുതിയ താരങ്ങളെ വളര്‍ത്തിയെടുക്കുന്ന ടാലന്റ് ഡെവലപ്‌മെന്റ് മാനേജര്‍ ആയിട്ടാകും ദ്രാവിഡിന്റെ നിയമനം. ബാംഗ്ലൂരായിരിക്കും ആസ്ഥാനം. അണ്ടര്‍ 19 ടീമിനെ പരിശീലിപ്പിക്കുകയും ജൂനിയര്‍ താരങ്ങളെ ടീം ഇന്ത്യയ്ക്ക് ഗുണകരമായ രീതിയില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാകും ദ്രാവിഡിന്റെ പ്രധാന ദൗത്യം. ദേശീയ ക്രിക്കറ്റ് അക്കാദമിയുമായും ടാലന്റ് ഡെവലപ്‌മെന്റ് മാനേജര്‍ക്ക് അടുത്തു പ്രവര്‍ത്തിക്കാം.

ഹൈ പെര്‍ഫോമന്‍സ് മാനേജര്‍ സ്ഥാനം ഏറ്റെടുക്കാന്‍ ഗാംഗുലി സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. വിദേശത്ത് ടീമിന്റെ പ്രകനം മെച്ചപ്പെടുത്താനുള്ള രൂപരേഖ തയ്യാറാക്കിത്തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. സ്ഥാനം ഏറ്റെടുക്കാന്‍ സച്ചിനും തത്ത്വത്തില്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും തന്റെ ചുമതലകളെപ്പറ്റി കൂടുതല്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. അതേസമയം ഐപിഎല്ലിനു ശേഷം മാത്രമേ ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കൂ എന്നാണ് ദ്രാവിഡിന്റെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.