1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2017

 

സ്വന്തം ലേഖകന്‍: ഗോവയില്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, മണിപ്പൂരില്‍ ബിജെപി അധികാരത്തിലേക്കെന്ന് സൂചന. ഗോവയില്‍ ഉപമുഖ്യമന്ത്രി പദം സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിക്ക് ലഭിക്കും. നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായെങ്കിലും ഭരണം പിടിക്കാന്‍ കഴിയാത്തത് ഗോവയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി.

അധികാരം ഏറ്റടുത്ത് 15 ദിവസത്തിനുള്ളില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മനോഹര്‍ പരീക്കറിനോട് ഗവര്‍ണര്‍ മൃദുല സിന്‍ഹ ആവശ്യപെട്ടിട്ടുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനത്തു നിന്നുള്ള മനോഹര്‍ പരീക്കറിന്റെ രാജി ഇന്നലെ രാഷ്ട്രപതി സ്വീകരിച്ചിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ അധിക ചുമതല കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് നല്‍കിയിട്ടുണ്ട്.

ബിജെപിക്കു ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ വാഗ്ദാനം ചെയ്ത മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും, ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും, പരീക്കര്‍ മുഖ്യമന്ത്രിയാകണമെന്ന് നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. മുഖ്യമന്ത്രിയാകുന്നതോടെ ആറു മാസത്തിനുള്ളില്‍ പരീക്കറിന് ഗോവയിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു ജയിക്കണം.

നാല്‍പതംഗ നിയമസഭയിലേക്കു ഇത്തവണ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക 13 സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് 17 സീറ്റുകള്‍ നേടി. മൂന്നു സീറ്റുകള്‍ വീതമുള്ള മഹാരാഷ്ട്രവാദി ഗോന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി, ഒരംഗമുള്ള എന്‍സിപി എന്നിവര്‍ക്ക് പുറമെ രണ്ടു സ്വതന്ത്ര എംഎല്‍എമാരും ബിജെപിക്കൊപ്പം അണിനിരന്നതോടെയാണ് ഗോവ കാവിയണിയുന്നത്.

സമാനമായ സാഹചര്യം നിലനില്‍ക്കുന്ന മണിപ്പൂരിലും ഭൂരിപക്ഷത്തിന് ആവശ്യമായ അംഗങ്ങളുടെ പിന്തുണ നേടിയ ബിജെപി അധികാരത്തിലേക്കെന്നാണ് സൂചന. പാര്‍ട്ടി നിയമസഭാകക്ഷി നേതാവായി എന്‍. ബീരേന്‍ സിങ്ങിനെ തെരഞ്ഞെടുത്തു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് ബീരേന്‍ സിങ് ഉടന്‍ ഗവര്‍ണറെ കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

60 അംഗ നിയമസഭയില്‍ 32 പേരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. 21 പാര്‍ട്ടി അംഗങ്ങള്‍ക്കു പുറമെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെയും (എന്‍പിപി), നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെയും (എന്‍പിഎഫ്) നാല് വീതം അംഗങ്ങള്‍, എല്‍ജെപിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഓരോ അംഗങ്ങളും പിന്തുണയ്ക്കുന്നു. ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണയുണ്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് 28 അംഗങ്ങളുള്ള കോണ്‍ഗ്രസ് ഗവര്‍ണറോട് ആവശ്യപ്പെട്ടെങ്കിലും ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ആവശ്യം തള്ളുകയായിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.