1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2017

സ്വന്തം ലേഖകന്‍: ഹിന്ദുത്വ വിമര്‍ശകയും മാധ്യമ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് വധം, രാജ്യമൊട്ടാകെ പ്രതിഷേധം ഇരമ്പുന്നു, കൊലയ്ക്കു പിന്നില്‍ ബിജെപിയും ആര്‍എസ്എസ്സുമെന്ന് രാഹുല്‍ ഗാന്ധി. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തയായ വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷ് കന്നഡ സാഹിത്യകാരനും ചിന്തകനുമായ കല്‍ബുറഗിയെ അജ്ഞാത സംഘം വീട്ടിലെത്തി കൊലപ്പെടുത്തിയപ്പോള്‍ അതിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയിരുന്നു.

അതിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മതപരമായ ചടങ്ങുകള്‍ ഇല്ലാതെ ബംഗളുരുവിലെ ചാംരാജ്‌പേട്ട് സെമിത്തേരിയില്‍ ആയിരുന്നു സംസ്‌കാരം. സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് ഗൗരി ലങ്കേഷിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. പൊതു ദര്‍ശനം മണിക്കൂറുകള്‍ നീണ്ടു. കന്നഡ ടാബ്ലോയിഡ് പത്രമായ ലങ്കേഷ് പത്രികയുടെ എഡിറ്റര്‍ ആയ ഗൗരിയ്ക്ക് കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് വെടിയേറ്റത്.

ഏഴു തവണയാണ് അക്രമികള്‍ ഗൗരിക്കു നേരെ വെടിയുതിര്‍ത്തത്. മൂന്നെണ്ണം ലക്ഷ്യം കണ്ടു. രണ്ടെണ്ണം നെഞ്ചിലും ഒരെണ്ണം നെറ്റിയിലുമാണ് തുളഞ്ഞുകയറിയത്. നാല് വെടിയുണ്ടകള്‍ വീടിന്റെ ചുവരിലാണ് തറച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനിടെ പിന്നാലെ ബൈക്കുകളില്‍ എത്തിയ അജ്ഞാത സംഘം കാര്‍ പോര്‍ച്ചില്‍ വച്ച് തുരതുരാ വെടിയുതിര്‍ക്കുകയായിരുന്നു. പോര്‍ച്ചില്‍ മരിച്ചുകിടന്ന ഗൗരയെ അയല്‍വാസികളാണ് ആദ്യം കണ്ടത്. വെടിശബ്ദം കേട്ടപ്പോള്‍ പടക്കംപൊട്ടിക്കുന്നതാണെന്നാണ് അയല്‍ക്കാര്‍ ആദ്യം കരുതിയത്.

ഗൗരിയുടെ കൊലയാളികള്‍ക്കായി പോലീസ് വ്യാപകമായി തെരച്ചില്‍ ആരംഭിച്ചു.വെടിയേറ്റ ശേഷം ഗൗരി ലങ്കേഷ് വീടിനുള്ളിലേക്കു കയറാന്‍ ശ്രമിച്ചെന്നു സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായതായി റിപ്പോര്‍ട്ടുണ്ട്. മൂന്നുതവണ വെടിയേറ്റശേഷം രക്ഷപ്പെടാനായി അവര്‍ വീടിനുള്ളിലേക്കു കയറാന്‍ ശ്രമിച്ചെങ്കിലും തളര്‍ന്നു വീണു. വെടിയൊച്ച കേട്ടെത്തിയ അയല്‍ക്കാര്‍ അവരെ രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണു കണ്ടത്. പ്രതികളിലൊരാളുടെ സിസിടിവി ദൃശ്യം ലഭിച്ചതായി സൂചനയുണ്ട്.

ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് കര്‍ണാടക ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ പറഞ്ഞു. ഗൗരി ലങ്കേഷിന്റെ കൊലയ്ക്കു പിന്നില്‍ ബിജെപിയും ആര്‍എസ്എസ്സുമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയതും ഇതിനോടുള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രതികരണവും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രൂക്ഷമയ വാക്‌പോരിനും തുടക്കമിട്ടു.

എതിര്‍ക്കുന്നവരെ കൊന്നൊടുക്കുന്ന നയമാണ് ആര്‍എസ്എസ്സിനും ബിജെപിക്കുമുള്ളതെന്നു രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. രാജ്യത്താകമാനം ഒരു പ്രത്യയശാസ്ത്രം മാത്രം അടിച്ചേല്‍പിക്കാനാണു ശ്രമം. ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും പ്രത്യയശാസ്ത്രത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ മര്‍ദ്ദിച്ചും ആക്രമിച്ചും സമ്മര്‍ദ്ദിലാക്കാനാണു ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.അതേസമയം, ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും എതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ ‘ശുദ്ധ അസംബന്ധ’ങ്ങളാണെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.