1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2017

സ്വന്തം ലേഖകന്‍: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് ബംഗുളുരുവില്‍ വെടിയേറ്റു മരിച്ചു. ബംഗളുരു രാജേശ്വരി നഗറിലെ സ്വന്തം വീട്ടിനു മുന്നില്‍ വെച്ചാണ് ഗൗരി ലങ്കേഷിന്റെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി ലങ്കേഷിന്റെ മകളാണ് സാമൂഹിക പ്രവര്‍ത്തക കൂടിയായ ഗൗരി ലങ്കേഷ്. ചൊവ്വാഴ്ച വൈകുന്നേരം ഏകദേശം 6.30 നാണ് സംഭവം.

ഗൗരി ലങ്കേഷ് തന്റെ കാറില്‍ നിന്ന് ഇറങ്ങി വീടിന്റെ ഗേറ്റ് തുറക്കുമ്പോള്‍ ആക്രമികള്‍ വെടിവെക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. നെഞ്ചിലായിരുന്നു വെടിയേറ്റത്. നിമിഷ നേരം കൊണ്ട് ആക്രമികള്‍ ഏഴ് റൗഡ് വെടിയുതിര്‍ത്തതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വീടിന്റെ വാതിലിനു മുന്നില്‍ തളര്‍ന്നു വീണ ഗൗരി സംഭവസ്ഥലത്തു തന്നെ മരിച്ചു.

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പി ലങ്കേഷിന്റെ മകളായ
ഗൗരി സംഘപരിവാര്‍ സംഘടനകളെ രൂക്ഷമായി എതിര്‍ത്തിരുന്നതിനാല്‍ അവരുടെ നേര്‍ക്ക് ഭീഷണിയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. വിവിധ പത്രങ്ങളില്‍ ലേഖനമെഴുതുകയും ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ സജീവ സാന്നിധ്യവുമായിരുന്നു ഗൗരി. സ്വന്തം അഭിപ്രായങ്ങള്‍ തുറന്നുപറയുകയും തീവ്രഹിന്ദു നിലപാടുകളെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്ന ഗൗരിയുടെപേരില്‍ ഒട്ടേറെ മാനനഷ്ടക്കേസുകളും നിലവിലുണ്ട്.

ബി.ജെ.പി. നേതാവും എം.പി.യുമായ പ്രഹ്ലാദ് ജോഷി നല്‍കിയ മാനനഷ്ടക്കേസില്‍ കഴിഞ്ഞ വര്‍ഷം കോടതി ശിക്ഷിച്ചിരുന്നു. മാവോവാദികളുമായുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാരിനുവേണ്ടി മധ്യസ്ഥയായും ഗൗരി ലങ്കേഷ് പ്രവര്‍ത്തിച്ചിരുന്നു. കര്‍ണാടകത്തിലെ പ്രമുഖ പുരോഗമന ചിന്തകനും എഴുത്തുകാരനുമായിരുന്ന എംഎം കല്‍ബുര്‍ഗി വെടിയേറ്റു മരിച്ച് രണ്ടു വര്‍ഷം തികയവെയാണ് സമാനമായ മറ്റൊരു കൊലപാതകം കൂടി അരങ്ങേറിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.