1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2015

സ്വന്തം ലേഖകന്‍: സ്വവര്‍ഗ പ്രണയിയായ മകന് വരനെ തേടി അമ്മ നല്‍കിയ പത്രപരസ്യം സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. യുണൈറ്റഡ് വേ ഓഫ് മുംബൈ എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറും എല്‍ജിബിടി പ്രവര്‍ത്തകനുമായ ഹരീഷ് അയ്യരാണ് വരന്‍.

ഹരീഷിന്റെ അമ്മ പത്മ അയ്യരാണ് പരസ്യം നല്‍കിയിരിക്കുന്നത്. പതിവില്‍ നിന്ന് ഭിന്നമായി അഭൂതപൂര്‍ണമായ പിന്തുണയാണ് ഈ പരസ്യത്തിന് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്. മാത്രമല്ല പരസ്യത്തില്‍ സദാചാര പ്രശ്‌നങ്ങളൊന്നും സോഷ്യല്‍ മീഡിയകളില്‍ ആരും ഉന്നയിക്കുന്നുമില്ല.

മകന്റെ ലൈംഗിക താത്പര്യങ്ങളെ പൂര്‍ണമായി മനസ്സിലാക്കുന്ന അമ്മ നല്‍കുന്ന പരസ്യം എന്ന പ്രത്യേക പരിഗണനയും പരസ്യത്തിന് ലഭിക്കുന്നു.
മകനു വേണ്ടി 25 നും 40 നും ഇടയില്‍ പ്രായമുള്ള മൃഗസ്‌നേഹിയും സസ്യാഹര പ്രിയനുമായ ആണ്‍കുട്ടിയെയാണ് ഇവര്‍ക്ക് പങ്കാളിയായി ആവശ്യം.

ജാതി പ്രശ്‌നമല്ല. 36 കാരനായ മകന് പങ്കാളിയെ ലഭിക്കുമോ എന്ന ആശങ്കയും ഇവര്‍ പങ്കുവക്കുന്നു. മകന്റെ സന്തോഷത്തെ കരുതി അമ്മ തന്നെ മുന്‍കൈ എടുത്ത് പരസ്യം നല്‍കുകയായിരുന്നു.

വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ പത്മ സ്വവര്‍ഗാനുരാഗികളായ മക്കള്‍ ഉള്ളവരുടെ മാനസികാവസ്ഥ വ്യത്യസ്തമായിരിക്കുമെന്നും പറയുന്നു. പരസ്യം വന്ന ഇന്നലെ തന്നെ ചില വിവാഹാലോചനകള്‍ ഹരീഷിനെ തേടിയെത്തിയിട്ടുണ്ട്. സാമുദായിക ആചാര പ്രകാരം വിവാഹം നടത്താനാണ് പത്മയുടെയും ഹരീഷിന്റെയും ആഗ്രഹം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.