1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2015

യുകെയിലെ രണ്ട് മണ്ഡലങ്ങളില്‍ ഏറ്റവും അധികമുള്ളത് സ്വദേശികള്‍ അല്ലാത്ത വോട്ടര്‍മാര്‍. കഴിഞ്ഞ ദശാബ്ദക്കാലത്തിലെ ശക്തമായ കുടിയേറ്റം കാരണം ഈ പ്രദേശങ്ങളില്‍ ഉള്ളത് 4 മില്യണ്‍ വോട്ടവകാശമുള്ള വിദേശികളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ കണക്കുമായി തട്ടിച്ചു നോക്കിയാല്‍ അഞ്ച് ലക്ഷം വിദേശവോട്ടര്‍മാര്‍ ഇപ്രാവശ്യം അധികമായി വോട്ടവകാശം നേടിയിട്ടുണ്ട്. ലണ്ടനിലെ ഈസ് ഹാം, ബ്രെന്റ് നോര്‍ത്ത് എന്നീ സീറ്റുകളിലാണ് ഭൂരീപക്ഷവും വിദേശ വോട്ടര്‍മാരുള്ളത്.

25 സീറ്റുകളിലെ ശരാശരി വോട്ടര്‍മാരുടെ കണക്കെടുത്താല്‍ അതില്‍ ആകെയുള്ള വോട്ടര്‍മാരില്‍ മൂന്നില്‍ ഒന്ന് ആളുകളും വിദേശികളായിരിക്കും. മറ്റൊരു 50 സീറ്റുകളുടെ കണക്കെടുത്താല്‍ നാലില്‍ ഒന്നും വിദേശ വോട്ടര്‍മാരായിരിക്കും. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ വിദഗ്ധരാണ് വിദേശ വോട്ടര്‍മാര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള പ്രദേശങ്ങളുടെ പട്ടിക തയാറാക്കിയത്.

(ചിത്രത്തിന് കടപ്പാട് ഡെയ്‌ലി മെയില്‍)

മെയില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോല്‍ 20 ഓളം സീറ്റുകളില്‍ വിദേശ വോട്ടര്‍മാരുടെ വോട്ടുകള്‍ നിര്‍ണായകമാകുമെന്നാണ് പഠനം നല്‍കുന്ന സൂചനകള്‍. ഇതില്‍ ഏറ്റവും കൂടുതല്‍ വിദേശ വോട്ടര്‍മാരുള്ളത് ഇന്ത്യയില്‍ നിന്നാണ്. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമാണ് ഏറ്റവും അധികം വോട്ടവകാശമുള്ള ഇന്ത്യന്‍ വംശജര്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തികളാകാന്‍ ഒരുങ്ങുന്നത്. പിന്നീട് ഏറ്റവും അധികം വോട്ടര്‍മാരുള്ളത് പാകിസ്താന്‍, അയര്‍ലാന്‍ഡ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നാണ്. 2000ത്തിന് ശേഷം രണ്ട് മില്യണോളം കുടിയേറ്റക്കാര്‍ക്ക് ഇംഗ്ലണ്ടില്‍ സ്ഥിരതാമസത്തിനുള്ള അവകാശവും വോട്ട് ചെയ്യാനുള്ള അവകാശവും അനുവദിച്ച് കിട്ടിയിട്ടുണ്ട്. അങ്ങനെ നോക്കിയാല്‍ ഒരു വര്‍ഷം 200,000 അപേക്ഷകര്‍ക്ക് സ്ഥിരതാമസം നല്‍കുന്നുണ്ട്. രണ്ടര മിനിറ്റ് കൂടുമ്പോള്‍ ഒരു വിദേശിക്ക് ഇംഗ്ലണ്ടില്‍ സ്ഥിരതാമസത്തിനുള്ളതും വോട്ട് ചെയ്യുന്നതിനുമായുള്ള അവകാശം ലഭിക്കുന്നുണ്ട്.

കുടിയേറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എടുക്കുന്ന നയപരമായ തീരുമാനങ്ങള്‍ ബാലറ്റില്‍ പ്രതിഫലിക്കുമെന്ന സൂചനയാണ് ഈ കണക്കുകള്‍ നല്‍കുന്നത്. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള കുടിയേറ്റം അനിയന്ത്രിതമായി വര്‍ദ്ധിച്ചതിന് പിന്നാലെ ഇംഗ്ലണ്ടിലേക്കുള്ള കുടിയേറ്റത്തിന്റെ തോത് കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ കടുത്ത നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. ഭരിക്കുന്ന പാര്‍ട്ടിയുടെയും പ്രതിപക്ഷത്തിന്റെയും മറ്റും പിന്തുണയോടെയാണ് സര്‍ക്കാര്‍ ഇത്തരം കടുത്ത നടപടികള്‍ കൈക്കൊള്ളുന്നത്. വിദേശ വോട്ടര്‍മാരും വിധി നിര്‍ണയത്തില്‍ പങ്കാളികളാണെന്ന് വരുമ്പോള്‍ കുടിയേറ്റ സൗഹൃദമല്ലാത്ത നിയമനിര്‍മ്മാണവും മറ്റും സര്‍ക്കാരിന് തലവേദന സൃഷ്ടിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.