1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2020

സ്വന്തം ലേഖകൻ: തൂത്തുക്കുടിയില്‍ രണ്ടു പേര്‍ പോലീസ് കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം കത്തുന്നു. യുഎസിലെ മിനിയപോളിസില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയ്ഡിനെ പോലീസുകാര്‍ കഴുത്ത് ഞെരിച്ചു കൊന്ന സംഭവത്തിനോട് താരതമ്യപ്പെടുത്തിയാണ് തമിഴ്നാട്ടില്‍ പ്രതിഷേധം കനക്കുന്നത്.

അച്ഛനെയും മകനെയും കരുതികൂട്ടി പോലീസുകാര്‍ കൊന്നതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കൂടാതെ, അച്ഛനും മകനും ലോക്കപ്പില്‍ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിനു ഇരയാക്കിയതയും ആരോപണമുണ്ട്.

പോലീസ് സ്റ്റേഷനില്‍ വച്ച് അതിക്രൂരമായാണ് ഇരുവരും ആക്രമിക്കപ്പെട്ടത്. മലദ്വാരത്തില്‍ കമ്പിയും സ്റ്റീല്‍ കെട്ടിയ ലാത്തിയും കയറ്റിയതായും ലൈംഗീകമായി ഉപദ്രവിച്ചതായും സാക്ഷി മൊഴിയുണ്ട്.

തുണിയുരിഞ്ഞ് പൂര്‍ണ നഗ്നരാക്കിയാണ് ഇരുവരെയും പോലീസ് മര്‍ദ്ദിച്ചത്. ചോരയില്‍ കുതിര്‍ന്ന വസ്ത്രങ്ങളുമായാണ് ഇരുവരും സെല്ലില്‍ നിന്ന് പുറത്തിറങ്ങിയത്. ഫെനിക്സിന്‍റെ നെഞ്ചില്‍ നിന്നും രോമം പിഴുതെടുത്തു. കുറ്റവാളികളെ കൊണ്ട് പോകും പോലെ ഉന്തിയും തള്ളിയുമാണ് ഇരുവരെയും ജീപ്പില്‍ കയറ്റിയത്.

കൂടാതെ, ജീപ്പില്‍ ചോര പറ്റാതിരിക്കാന്‍ സ്വന്തം ചിലവില്‍ വാഹനം വിളിക്കാന്‍ ഫെനിക്സിന്‍റെ സുഹൃത്തുക്കളോട് പോലീസ് ആവശ്യപ്പെട്ടു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ രക്തസ്രാവം നിയന്ത്രിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. 7 തവണയാണ് ഇരുവരുടേയും ലുങ്കി മാറ്റിയത്.

മജിസ്ട്രേറ്റിന് മുന്‍പില്‍ എല്ലാം തുറന്നുപറയാന്‍ ഫെനിക്സിനോട് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അവര്‍ തന്‍റെ കുടുംബത്തെ ഇല്ലാതാക്കുമെന്നും അമ്മയും സഹോദരിയും ഒന്നുമറിയരുതെന്നും ഫെനിക്സ് പറഞ്ഞു. 59കാരനായ ജയരാജ്, മകനും 31കാരനുമായ ഫെനിക്സ് എന്നിവരുമാണ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്.

ജയരാജും ഫെനിക്സും ചേർന്ന് നഗരത്തിൽ എപിജെ എന്ന മൊബൈൽ ഷോപ്പ് നടത്തി വരികയായിരുന്നു. വെള്ളിയാഴ്ച ഏകദേശം 8.15ഓടെയാണ് ജയരാജ് കട അടച്ചത്.

ഇത് ലോക്ക്ഡൌണ്‍ നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സതന്‍കുളം പോലീസ് ജയരാജനെ വലിച്ചിഴക്കുകയും ഇരു കൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. പിന്നീടു ശനിയാഴ്ച വൈകുന്നേരം വീണ്ടും കടയിലെത്തിയ പോലീസുകാര്‍ ജയരാജുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. ഫെനിക്സ് ഇടപെട്ടപ്പോള്‍ ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് IPC 188, 353 വകുപ്പുകള്‍ പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്തു. ഞായറാഴ്ച വൈദ്യ പരിശോധനയ്ക്ക് ശേഷം ഇരുവരെയും കോവിൽപട്ടി സബ് ജയിലിൽ പ്രവേശിപ്പിച്ചു.

അന്ന് വൈകിട്ട് ഫെനിക്സ് തനിക്ക് നെഞ്ചുവേദനയെടുക്കുന്നതായി ഉദ്യോഗസ്ഥരെ അറിയിച്ചു. കൂടാതെ, ജയരാജിന് കടുത്ത പണിയും ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന്, ഇരുവരെയും കോവിൽപട്ടി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരമാണ് ഫെനിക്സ് മരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് ജയരാജും മരണപ്പെട്ടു. പോലീസ് ക്രൂരതയാണ് ഭർത്താവിന്റെയും മകന്റെയും മരണത്തിനു കാരണമെന്ന് ആരോപിച്ച് ജയരാജിന്റെ ഭാര്യ സെൽവരാണി ജില്ലാ ക്രിമിനൽ കോടതിക്കും അസിസ്റ്റന്റ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്.

കരുതിക്കൂട്ടി അച്ഛനെയും മകനെയും കൊടിയ പീഡനങ്ങൾക്കു ശേഷം പൊലീസ് കൊന്നുകളഞ്ഞുഞ്ഞുവെന്നാണു ബന്ധുക്കളുടെ ആരോപണം. യുഎസിലെ മിനിയപൊളിസിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ പൊലീസുകാരൻ കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിനു സമാനമായ ക്രൂരതയാണു തൂത്തുക്കുടിയിലെ കൊലപാതകമെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിലേക്കു നയിച്ചതെന്നായിരുന്നു െപാലീസ് ഭാഷ്യം. സംഭവത്തിൽ സാത്താൻകുളം പൊലീസ് സ്റ്റേഷനിലെ രണ്ട് ഇൻസ്പെക്ടർമാരെ സസ്പെൻഡ് ചെയ്തിരുന്നു. #JusticeforJayarajAndFenix എന്ന ഹാഷ്ടാഗിൽ കസ്റ്റഡി മരണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഇരമ്പുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.