1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2017

സ്വന്തം ലേഖകന്‍: ജര്‍മന്‍ പൊതുതെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റവുമായി കുടിയേറ്റ വിരുദ്ധരും നവനാസികളുമായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി മൂന്നാം സ്ഥാനത്ത്, ആശങ്കയോടെ കുടിയേറ്റക്കാര്‍. ജര്‍മന്‍ പൊതുതെരഞ്ഞെടുപ്പില്‍ നാലാമതും ചാന്‍സലറായി അംഗലാ മെര്‍കല്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ചപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് മികച്ച നേട്ടം സ്വന്തമാക്കിയ നവനാസികളെന്ന് അറിയപ്പെടുന്ന തീവ്രവലതുപക്ഷ കക്ഷിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ.എഫ്.ഡി) യാണ്.

ഞായറാഴ്ചത്തെ തിരഞ്ഞെടുപ്പില്‍ തീവ്രവലതുകക്ഷിയായ എ.എഫ്.ഡി. 12.6 ശതമാനം വോട്ട് നേടി. 2013 ല്‍ മാത്രം രൂപം കൊണ്ട പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടമാണ്. മെര്‍ക്കലിന്റെ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയനും (സി.ഡി.യു.) സഖ്യകക്ഷിയായ ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയനും (സി.എസ്.യു.) ചേര്‍ന്നു നേടിയത് ഹിറ്റ്‌ലര്‍ക്കു ശേഷം ജര്‍മനിയില്‍ നടന്നിട്ടുള്ള തിരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറവ് വോട്ടുകളാണ് എന്നതും ശ്രദ്ധേയം.

രണ്ടാം ലോകയുദ്ധത്തിന് ശേഷം ഒരു തീവ്രവലതുപക്ഷ പാര്‍ട്ടി പാര്‍ലമെന്റില്‍ സാന്നിധ്യം അറിയിക്കുന്നത് ആദ്യമായാണ്. 2013ലെ തെരഞെടുപ്പില്‍ എ.എഫ്.ഡി 4.2 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടിയിരുന്നത്. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം എ.എഫ്.ഡിയുടെ മുന്നേറ്റമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതിനിടെ എ.എഫ്.ഡിയുടെ മുന്നേറ്റത്തില്‍ രാജ്യത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധവും ശക്തമാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന ഞായറാഴ്ച ആയിരക്കണക്കിന് ആളുകളാണ് ബര്‍ലിനില്‍ എ.എഫ്.ഡിക്കെതിരെ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി തെരുവിലിറങ്ങിയത്.

തെരഞ്ഞെടുപ്പിലെ മൂന്നാം സ്ഥാനത്തെ ‘വിപ്ലവം’ എന്നാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗവും ഹിറ്റ്‌ലറുടെ ധനകാര്യമന്ത്രിയുടെ പേരമകനുമായ ബ്രട്ടിക്‌സ് വിശേഷിപ്പിച്ചത്. ‘ഇസ്‌ലാം ജര്‍മനിയുടേതല്ല’ എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയ എ.എഫ്.ഡി യൂറോ ഉപേക്ഷിച്ച് പഴയനാണയമായ മാര്‍ക്കിനെ വീണ്ടും സ്വീകരിക്കണമെന്ന ആവശ്യക്കാരാണ്. ഡച്ച് ഫ്രീഡം പാര്‍ട്ടി നേതാവ് ഗീര്‍ട്ട് വൈല്‍ഡേഴ്‌സും ഫ്രാന്‍സിലെ ഫ്രന്റ് നാഷണലിന്റെ നേതാവ് മാരിന്‍ ലെ പെന്നും ഉള്‍പ്പെടെയുള്ള യൂറോപ്പിലെ തീവ്ര വലതുപക്ഷ, കുടിയേറ്റ വിരുദ്ധ പാര്‍ട്ടികളുടെ നേതാക്കള്‍ എ.എഫ്.ഡി.ക്ക് അഭിവാദ്യമര്‍പ്പിച്ച് രംഗത്തെത്തി.

അതേസമയം, ഇതിനേക്കാള്‍ മികച്ച ഫലമാണ് പ്രതിക്ഷിച്ചിരുന്നതെന്ന് ചാന്‍സലര്‍ അംഗലാ മെര്‍കല്‍ പ്രതികരിച്ചു. എ.എഫ്.ഡിക്ക് വോട്ടുചെയ്തവരുടെ ആശങ്കകള്‍ കൂടി പരിഹരിച്ച് അവരെകൂടി കൂടെ ചേര്‍ക്കാനാണ് ശ്രമിക്കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കുടിയേറ്റ വിരുദ്ധ വികാരവും തീവ്ര വലതുപക്ഷത്തിന്റെ മുന്നേറ്റവും മെര്‍ക്കലിന് തലവേദനയാകുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.